ബംഗളൂരു: ഇലക്‌ട്രോണിക് സിറ്റിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. വയനാട് മാനന്തവാടി തലപ്പുഴ കാട്ടാംക്കോട്ടില്‍ കെ.യു ജോസിന്റെ മകന്‍ ജിതിന്‍ ജോസ് (27), കോട്ടയം വലകമറ്റം സോണി ജേക്കബിന്റെ മകന്‍ സോനു സോണി (27) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഇലക്‌ട്രോണിക് സിറ്റി ടോള്‍ ബൂത്തിനു സമീപത്തെ സര്‍വീസ് റോഡില്‍ വെച്ചാണ് ബൈക്കുകള്‍ കൂട്ടിയിടിച്ചത്. ഹുസ്കൂര്‍ ഗേറ്റിലെ താമസ സ്ഥലത്തേക്കു മടങ്ങുമ്പോള്‍ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
സോനു തത്ക്ഷണം മരിച്ചു. ജിതിനെ ഹെബ്ബഗോഡിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിസിടിവി സര്‍വീസ് സെന്റര്‍ ഉടമയാണ് ജിതിന്‍. ജിതിന്റെ മൃതദേഹം സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുപോയി. മാതാവ് – ആനി. സഹോദരി – ജിജി. ജിതിന്റെ സംസ്കാരം ഇന്ന് രാവിലെ മാനന്തവാടി പുതിയിടം ചെറുപുഷ്പം പള്ളിയില്‍. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ച സോനു. മാതാവ് – മിനി. സഹോദരങ്ങള്‍ – മിനു, സിനു.