Friday, July 4, 2025 10:35 pm

എട്ടുവര്‍ഷമായി തളര്‍ന്നുകിടക്കുന്ന ഇലന്തൂര്‍ മുന്‍ വില്ലേജ് ഓഫീസര്‍ക്കു ജപ്തിഭീഷണി ; ശമ്പളം നല്‍കുന്നതു സര്‍ക്കാര്‍ നിര്‍ത്തി ; യൂണിയന്‍കാര്‍ തിരിഞ്ഞു നോക്കുന്നില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എട്ടുവര്‍ഷം മുമ്പ് സഹപ്രവര്‍ത്തകന്റെ കൂടെ ഒരു ബൈക്ക് യാത്രയ്ക്കിടെ തലയിടിച്ചുവീണ് ഗുരുതരപരുക്കേറ്റ വില്ലേജ് ഓഫീസറായ അജിത അന്നുമുതല്‍ ഓര്‍മ്മ നഷ്ടപ്പെട്ട് ഒരേ കിടപ്പിലാണ്.  അജിതയുടെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. എന്നാൽ ശമ്പളം നല്‍കുന്നതു സര്‍ക്കാര്‍ നിര്‍ത്തിയതിനാല്‍ നിത്യ ചെലവിനുപോലും വകയില്ല. ഗാര്‍ഹികവായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനേത്തുടര്‍ന്ന് ബാങ്ക് ജപ്തി നോട്ടീസും പതിച്ചു. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് കുടുംബം.

അപകടക്കേസ് പോലീസ് രജിസ്റ്റര്‍ ചെയ്യാതിരുന്നതിനാല്‍ നഷ്ടപരിഹാരത്തിനോ ഇന്‍ഷുറന്‍സിനോ ശ്രമിക്കാന്‍ കഴിഞ്ഞില്ല. അങ്ങാടിക്കല്‍ നോര്‍ത്ത് സരസ്വതി വിലാസം വീട്ടില്‍ രാജന്‍ പിള്ളയുടെ ഭാര്യ അജിതകുമാരി ഇലന്തൂര്‍ വില്ലേജ് ഓഫീസറായിരിക്കേ 2012 മേയ് 22-നാണ് അപകടമുണ്ടായത്. ഓഫീസില്‍നിന്ന് ഇറങ്ങിയപ്പോഴേയ്ക്ക് പത്തനംതിട്ടയ്ക്കുള്ള ബസ് പോയിരുന്നു. അപ്പോഴാണു മറ്റൊരു വില്ലേജ് ഓഫീസറായ നാരങ്ങാനം സ്വദേശി ഗോപകുമാര്‍ വന്നത്. അദ്ദേഹത്തിനൊപ്പം ബൈക്കില്‍ കയറിയ അജിത 100 മീറ്റര്‍ പിന്നിടും മുമ്പ് റോഡില്‍ തലയടിച്ചുവീണു. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായിരുന്നു. തലയോട്ടി തുറന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി. ഡിസംബറില്‍ ആശുപത്രി വിടുമ്പോള്‍ അജിതയ്ക്ക് ഒന്നും ഓര്‍മയുണ്ടായിരുന്നില്ല. കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയില്ല.

ഇടതുവശം തളര്‍ന്നു. എറണാകുളം അമൃത ആശുപത്രി, വൈക്കം ഇന്‍ഡോ-അമേരിക്കന്‍ ആശുപത്രി, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളിലെല്ലാം മാറിമാറി ചികിത്സിച്ചു. ആയുര്‍വേദവും പരീക്ഷിച്ചു. ഒന്നിനും ഫലമുണ്ടായില്ല. 15 ലക്ഷത്തോളം രൂപയാണു ചികിത്സയ്ക്കു ചെലവായത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മെഡിക്കല്‍ റീ ഇംബേഴ്‌സ്‌മെന്റിനായി 10 ലക്ഷം രൂപയുടെ ബില്‍ സഹിതം അപേക്ഷിച്ചു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയിലും പരാതിപ്പെട്ടു.

അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രണ്ടുലക്ഷം രൂപ ചികിത്സാസഹായം അനുവദിച്ചു. റീ ഇംബേഴ്‌സ്‌മെന്റ് അപേക്ഷയില്‍ തീരുമാനമായില്ല. റവന്യൂ മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ് വീട് സന്ദര്‍ശിച്ചപ്പോള്‍ കളക്ടറേറ്റില്‍ അപേക്ഷ നല്‍കാന്‍ നിര്‍ദ്ദേശിച്ചു. കാത്തിരിപ്പിനൊടുവില്‍ 3,33,087 രൂപ അനുവദിച്ചെങ്കിലും ലഭിച്ചതു മറ്റൊരു അജിത കുമാരിക്ക്. പണം പിന്നീട് തിരിച്ചുകിട്ടിയെങ്കിലും 20% കരുതലെന്ന നിലയില്‍ പിടിച്ചപ്പോള്‍ ശേഷിച്ചതു 3.67 ലക്ഷം രൂപ. അതില്‍ രണ്ടുലക്ഷം മുമ്പ് മുഖ്യമന്ത്രി നല്‍കിയ ചികിത്സാസഹായത്തിന്റെ പേരില്‍ തിരിച്ചുപിടിച്ചു. ഒടുവില്‍കൈയ്യില്‍ കിട്ടിയത് 67,000 രൂപ. രാജന്‍ പിള്ള മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചതിനേത്തുടര്‍ന്ന് ചെലവായ തുകയുടെ 80% നല്‍കാന്‍ ഉത്തരവായി. ചികിത്സാരേഖകള്‍ നഷ്ടപ്പെട്ടെന്നു പറഞ്ഞ് സര്‍ക്കാര്‍ കൈമലര്‍ത്തിയതോടെ രാജന്‍ പിള്ള ഹൈക്കോടതിയെ സമീപിച്ചു.

എന്നാല്‍ രണ്ടരക്കൊല്ലമായിട്ടും കേസ് പരിഗണിച്ചില്ല. 2012 ജൂണ്‍ മുതല്‍ 2014 ജൂണ്‍ വരെയുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അന്നത്തെ യു.ഡി.എഫ്. സര്‍ക്കാര്‍ അജിതയ്ക്ക് അനുവദിച്ചിരുന്നു. പിന്നീട് അതും മുടങ്ങി. അജിത എന്‍.ജി.ഒ. യൂണിയന്‍കാരിയാണെന്നു കോണ്‍ഗ്രസിന്റെ സര്‍വ്വീസ് സംഘടന പരാതിപ്പെട്ടെന്നും അതിനാല്‍ ശമ്പളം തുടര്‍ന്നു നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി. ഇടതുസര്‍ക്കാര്‍ വന്നപ്പോള്‍ യൂണിയന്‍ മുഖേന പലതവണ നിവേദനം നല്‍കിയിട്ടും ചില്ലിപ്പെസപോലും കിട്ടിയില്ല. രാജന്‍ പിള്ള മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചെന്നെങ്കിലും ഫലമുണ്ടായില്ല.

അടുത്തവര്‍ഷം മേയ് 31-നാണ് അജിതകുമാരി വിരമിക്കേണ്ടത്. അജിത ഇന്‍വാലിഡ് പെന്‍ഷന് അപേക്ഷിച്ചിട്ട് ഒന്നരവര്‍ഷത്തോളമായെങ്കിലും യൂണിയന്‍ പോലും സഹായത്തിനില്ല. 14 സെന്റ് ഭൂമിയും വീടും മാത്രമാണു സമ്പാദ്യം. ഭൂമി പണയം വെച്ച് വീട് പണിയാന്‍ മൂന്നരലക്ഷം രൂപ വായ്പയെടുത്തിരുന്നു. അതിപ്പോള്‍ പലിശയും കൂട്ടുപലിശയുമായി 10 ലക്ഷം രൂപയായി. കഴിഞ്ഞവര്‍ഷം കേരളാ ഗ്രാമീണ്‍ ബാങ്ക് ചന്ദനപ്പള്ളി ശാഖയില്‍നിന്ന് ഉദ്യോഗസ്ഥരെത്തി ജപ്തി നോട്ടീസ് പതിച്ചു. മൂത്തമകള്‍ പ്രിയങ്കയെ ബി.എ.എം.എസിനു പഠിപ്പിക്കാന്‍ മൂന്നുലക്ഷത്തിന്റെ മറ്റൊരു വായ്പയുമെടുത്തിരുന്നു. അത് തിരിച്ചടച്ചിട്ടേയില്ല. മകന്‍ യദുകൃഷ്ണന്‍ പോളിടെക്‌നിക് പഠനം കഴിഞ്ഞു. വിവിധ രോഗങ്ങളുള്ള രാജന്‍ പിള്ള ഒരുജോലിയും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. ബന്ധുക്കളുടെ കാരുണ്യത്തിലാണു ജീവിതം.

ആറന്മുള പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് അജിതയുടെ ജീവിതം തകര്‍ത്ത അപകടം നടന്നത്. ദിവസങ്ങള്‍ക്കുശേഷം ബൈക്ക് ഉടമയായ വില്ലേജ് ഓഫീസര്‍ ഗോപകുമാര്‍ സ്‌റ്റേഷനിലെത്തി. പരാതിയൊന്നുമില്ലെന്നു പറഞ്ഞ് ബൈക്ക് വാങ്ങി മടങ്ങി. അപകടക്കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നത് അജിതയുടെ ചികിത്സയ്ക്കു പിന്നാലെയായിരുന്ന രാജന്‍ പിള്ളയോ ബന്ധുക്കളോ ശ്രദ്ധിച്ചില്ല. ബൈക്കിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലായിരുന്നെന്നും ആരോപണമുണ്ട്. ഗോപകുമാര്‍ ഇപ്പോള്‍ പത്തനംതിട്ട കലക്ടറേറ്റില്‍ ഡെപ്യൂട്ടി തഹസില്‍ദാരാണ്. ആനുകൂല്യങ്ങള്‍ വാങ്ങിനല്‍കാന്‍ അദ്ദേഹം സഹായിക്കാറുണ്ടെന്നും ഇടയ്ക്കു വിളിക്കാറുണ്ടെന്നും രാജന്‍ പിള്ള പറഞ്ഞു. ഇപ്പോഴുള്ള മുഴുവന്‍ ദുരിതവും തീരാന്‍ തക്കവണ്ണം മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം കിട്ടുമായിരുന്നല്ലോ എന്ന സങ്കടം ബാക്കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചിലവിട്ട തുക പുറത്ത് വിട്ട് സര്‍ക്കാര്‍

0
വയനാട് : മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചിലവിട്ട തുക പുറത്ത്...

പത്തനംതിട്ടയിലെ സി.പി.എംക്കാർക്ക് വേണ്ടാത്ത വീണാ ജോർജ്ജിനെ കേരളത്തിനും വേണ്ട ; അഡ്വ. പഴകുളം മധു

0
പത്തനംതിട്ട : സി.പി.എം ലോക്കൽ ഏരിയാ കമ്മിറ്റികൾക്കു പോലും വേണ്ടാത്ത കഴിവുകേടിന്റെ...

നിപ ജാഗ്രതയെ തുടർന്ന് മലപ്പുറം ജില്ലയില്‍ 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു

0
മലപ്പുറം: മലപ്പുറം മങ്കടയില്‍ മരിച്ച 18കാരിക്ക് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 20...

വിതുരയില്‍ ജനവാസ മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം വ്യാപകമാകുന്നുവെന്ന് നാട്ടുകാരുടെ പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിതുരയില്‍ ജനവാസ മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം വ്യാപകമാകുന്നുവെന്ന് നാട്ടുകാരുടെ...