ബെംഗളൂരു : യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് അപകടത്തില്‍ പെട്ടു. മൃതദേഹം ബൈക്കില്‍ ഇരുത്തി കൊണ്ട് പോവുന്നതിനിടെ രാമനഗരയിലാണ് സംഭവം. ബെംഗളൂരു രാജരാജേശ്വരി സ്വദേശിനി സൗമ്യയാണ് കൊല ചെയ്യപ്പെട്ടത്. സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ബൈക്കില്‍ മൃതദേഹം ഉപേക്ഷിക്കാന്‍ പോകുന്നതിനിടെയാണ് രാമനഗര നഗരസഭ കമ്മീഷണറുടെ ഓഫീസിന് മുന്നില്‍ ബൈക്ക് അപകടത്തില്‍ പെട്ടത്.
യുവതിയും രണ്ട് യുവാക്കളും ആയിരുന്നു ബൈക്കില്‍ സഞ്ചരിച്ചത്. ബൈക്കില്‍ നിന്ന് വീണ ഇവരെ പിടിച്ച് എഴുനേല്‍പ്പിക്കാന്‍ നോക്കുന്നതിനിടെയാണ് യുവതിക്ക് ജീവന്‍ ഇല്ലെന്ന് രക്ഷിക്കാന്‍ എത്തിയവര്‍ക്ക് മനസിലായത്. ഇവര്‍ ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ചന്നപട്ട സ്വദേശികളായ നാഗരാജ്, വിനോദ്, നാഗരാജിന്റെ സഹോദരി ദുര്‍ഗ, ദുര്‍ഗയുടെ ഭര്‍ത്താവ് രഘു എന്നിവരാണ് അറസ്റ്റില്‍ ആയത്. വാക്ക് തര്‍ക്കത്തെ തുടര്‍ന്നുള്ള മര്‍ദ്ദനത്തിലൂടെയാണ് സൗമ്യ മരിച്ചതെന്ന് പ്രതികള്‍ കുറ്റം സമ്മതിച്ചു.