കുമ്പഴ : ബൈക്കിന്റെ വേഗത കുറച്ച് സൂക്ഷിച്ച് പോകാന്‍ ഉപദേശിച്ച ഗൃഹനാഥനെ മര്‍ദിച്ച കേസില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വാഴവിള കോളനിയില്‍ അനന്ദു (23), മുട്ടുമണ്‍ സ്വദേശി അഭിലാഷ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വെട്ടൂര്‍ ചാങ്ങമുരുപ്പേല്‍ രാജേഷിനും കുടുംബത്തിനും നേരെ ആക്രമണമുണ്ടായെന്നാണ് പരാതി. കഴിഞ്ഞ ദിവസം രാത്രി രാജേഷിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സമീപത്തായിരുന്നു സംഭവം.
വീടിന്റെ മുന്നിലെ വലയില്‍ പ്രതികള്‍ സഞ്ചരിച്ച ബൈക്കിടിച്ചു. വേഗം കുറച്ച് പോകാന്‍ ആവശ്യപ്പെട്ട രാജേഷിനെ യുവാക്കള്‍ മര്‍ദിച്ചു. ഭാര്യ ഇടപെട്ടതിനെ തുടര്‍ന്ന് യുവാക്കള്‍ തിരിച്ചുപോയി. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം വടിയുമായി തിരിച്ചുവന്ന യുവാക്കള്‍ രാജേഷിനെ മര്‍ദിച്ചു. പിടിക്കാനെത്തിയ ഭാര്യക്കും മക്കള്‍ക്കും മര്‍ദനമേറ്റു. രാജേഷിന്റെ കൈക്ക് പൊട്ടലേറ്റു. മലയാലപ്പുഴ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.