കോഴിക്കോട്: മോഷ്ടിച്ച ബൈക്കുമായി ലോക്ക്ഡൗണ്‍ സമയത്തു ചുറ്റിയടിക്കാന്‍ ഇറങ്ങിയ കള്ളനെ പോലീസ് പിടികൂടി. ലോക്ക്ഡൗണ്‍ പരിശോധന നടത്തുകയായിരുന്ന കസബ പോലീസാണ് ബൈക്ക് മോഷ്ടാവിനെ പിടികൂടിയത്. കൊയിലാണ്ടി പന്തലായനി കുന്നുമ്മല്‍ നെല്ലിക്കോട് മുഹമ്മദ് ഷാഫി (30) ആണ് പിടിയിലായത്. നഗരമധ്യത്തില്‍ പാളയത്ത് ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. പോലീസ് കൈകാണിച്ചപ്പോള്‍ ബൈക്ക് ഉപേക്ഷിച്ച് എംപി റോഡിലേക്കു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഷാഫിയെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
വൈക്കം സ്വദേശിയായ നിഥിന്റെ എന്‍ഫീല്‍ഡ് ബൈക്കാണ് മോഷ്ടിച്ചത്. വെസ്റ്റ്ഹിലില്‍ ഫിസിയോ തെറാപ്പിസ്റ്റായ നിഥിന്‍ മാവൂര്‍ റോഡ് കെഎസ്‌ആര്‍ടിസി ടെര്‍മിനലിനു സമീപം ബൈക്ക് പാര്‍ക്ക് ചെയ്ത് നാട്ടിലേക്കു പോയതായിരുന്നു. മാര്‍ച്ച് 20നാണ് ബൈക്ക് നിര്‍ത്തിയിട്ടത്. പിടികൂടുമ്പോള്‍ നമ്പര്‍ പ്ലേറ്റ് ഇളക്കിമാറ്റിയ നിലയിലായിരുന്നു. എന്‍ജിന്‍ നമ്പര്‍ അടക്കമുള്ള വിശദാംശങ്ങള്‍ പരിശോധിച്ചാണ് പോലീസ് ഉടമയെ കണ്ടെത്തിയത്.
എസ്.ഐ വിളിച്ചപ്പോഴാണ് നിഥിന്‍ മോഷണവിവരം അറിയുന്നത്. പിടിയിലായ ഷാഫിയില്‍ നിന്ന് താക്കോലുകളുടെ കൂട്ടം കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഷാഫി പിടിയിലാകുന്നതിനു ഏതാണ്ട് ഒരു മണിക്കൂര്‍ മുമ്പ് ഒയാസിസ് ഹോട്ടല്‍ വളപ്പില്‍ തീപിടിത്തമുണ്ടായിരുന്നു. ആളൊഴിഞ്ഞ വളപ്പില്‍ തീപിടിച്ചതുമായി ഷാഫിക്കു ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്ന് വ്യാപാരികളില്‍ ചിലര്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.