പെട്രോൾ വില വർധിക്കുന്ന സാഹചര്യത്തിൽ മികച്ച മൈലേജുള്ള ബൈക്കുകൾ വാങ്ങുന്ന ആളുകളുടെ എണ്ണവും ഉയരുന്നുണ്ട്. എൻട്രിലെവൽ കമ്മ്യൂട്ടർ ബൈക്കുകൾ ഇന്ത്യയിൽ ഇപ്പോഴും ജനപ്രിതിയോടെ തുടരുന്നതും അതുകൊണ്ട് തന്നെയാണ്. രാജ്യത്തെ മോട്ടോർസൈക്കിൾ വിപണിയിൽ മികച്ച എൻട്രിലെവൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾ ലോഞ്ച് ചെയ്തിട്ടുള്ള ബജാജ് (Bajaj) ഇപ്പോൾ പുതിയ പദ്ധതികളിലാണ്. സിഎൻജിയിൽ പ്രവർത്തിക്കുന്നൊരു ബൈക്ക് പുറത്തിറക്കാനാണ് ബജാജ് ഓട്ടോ ലിമിറ്റഡ് ശ്രമിക്കുന്നത്. എൻട്രി ലെവൽ സിഎൻജി (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) മോട്ടോർസൈക്കിൾ അവതരിപ്പിക്കാൻ ബജാജ് ശ്രമിക്കുന്നുണ്ട് എന്ന സൂചന നൽകിയത് ബജാജ് ഓട്ടോ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ രാജീവ് ബജാജ് ആണ്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. വർധിച്ച് വരുന്ന ഇന്ധന വില കാരണം ആളുകൾ ബുദ്ധിമുട്ട് നേരിടുന്നുണ്ട് എന്നും ഇത് പരിഹരിക്കാൻ പുതിയൊരു സമീപനമാണ് ബജാജ് സ്വീകരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
സിഎൻജിയിൽ പ്രവർത്തിക്കുന്ന ബജാജ് മോട്ടോർസൈക്കിൾ യാത്ര ചെയ്യാനുള്ള ചിലവ് ഗണ്യമായി കുറയ്ക്കുന്നതായിരിക്കുമെന്നും സർക്കാർ സഹായത്തോടെ ഇതൊരു പ്രായോഗിക പരിഹാരമാകുമെന്നും രാജീവ് ബജാജ് വ്യക്തമാക്കി. പെട്രോൾ വിലയിലുണ്ടായ വർധനവ് കണക്കിലെടുത്ത് കൂടുതൽ ഇന്ധനക്ഷമതയുള്ള ഗതാഗത മാർഗങ്ങൾ കണ്ടെത്തുകയാണ് ബജാജ് എന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഇന്ത്യയിൽ ഏറ്റവും മൈലേജുള്ള പെട്രോൾ ബൈക്കുകളിൽ മുൻനിരയിൽ തന്നെ ബജാജിന്റെ എൻട്രിലെവൽ മോഡലുകളുണ്ട്. ബജാജ് ഓട്ടോയുടെ പ്രൊഡക്റ്റ് നിരയിൽ പ്രധാനമായും 125 സിസിയിൽ കൂടുതൽ എഞ്ചിൻ കപ്പാസിറ്റിയുള്ള ബൈക്കുകളാണുള്ളത്. ഇവയുടെ വിൽപ്പന മൊത്തം വിൽപ്പനയുടെ 70 ശതമാനത്തിലധികമാണ്. എന്നിരുന്നാലും എൻട്രി ലെവൽ ബൈക്ക് വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകളെ ആകർഷിക്കുന്നതിനായി ബജാജ് ഓട്ടോ 100സിസി മുതൽ 125 സിസി വരെയുള്ള വിഭാഗത്തിൽ ഏഴ് ബൈക്ക് മോഡലുകളാണ് വിൽപ്പന നടത്തുന്നത്. ഈ മോട്ടോർസൈക്കിളുകളുടെ വില 67,000 രൂപയ്ക്കും 107,000 രൂപയ്ക്കും ഇടയിലാണ്.
സിഎൻജി മോട്ടോർസൈക്കിൾ കൺസെപ്റ്റിനെ കുറിച്ച് ആലോചിക്കുന്നതിനു പുറമേ ബജാജ് ഓട്ടോ ഈ വർഷം ആറ് നവീകരിച്ച മോഡലുകളും ഒരു പുതിയ പൾസർ മോഡലും അവതരിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പ്രൊഡക്റ്റ് പോർട്ട്‌ഫോളിയോ പുതുക്കാനും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ അനുസരിച്ചുള്ള മോഡലുകൾ നൽകാനുമായിട്ടാണ് ഇത്തരമൊരു നടപടിയിലേക്ക് ബജാജ് കടക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) വർധിച്ച് വരുന്ന ജനപ്രീതിക്കിടയിൽ ബൈക്കുകൾ പുതുക്കി വിൽപ്പന നിലനിർത്താനാണ് ബജാജ് ശ്രമിക്കുന്നത്. ഓഗസ്റ്റിലെ ബജാജ് ഓട്ടോയുടെ വിൽപ്പന കണക്കുകൾ ബൈക്ക് വിപണിയിലെ മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. മുൻ വർഷത്തെ ഇതേ കാലയളവിലെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ മൊത്തം ഇരുചക്രവാഹന വിൽപ്പനയിൽ 20 ശതമാനം ഇടിവ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇരുചക്രവാഹന കയറ്റുമതിയിൽ കമ്പനി 2 ശതമാനം വളർച്ച കൈവരിച്ചു.
ബജാജ് ഓട്ടോയുടെ സിഎൻജിയിൽ പ്രവർത്തിക്കുന്ന എൻട്രി-ലെവൽ മോട്ടോർസൈക്കിളുകൾ പുറത്തിറങ്ങിയാൽ അത് ഇന്ത്യയിലെ വലിയൊരു വിഭാഗം സാധാരണക്കാരുടെ പ്രിയപ്പെട്ട വാഹനമായി മാറുമെന്ന് ഉറപ്പാണ്. കുറഞ്ഞ വിലയിൽ ദീർഘദൂരം സഞ്ചരിക്കാൻ സാധിക്കുന്നവയായിരിക്കും ബജാജ് പുറത്തിറക്കാൻ പോകുന്ന സിഎൻജി ബൈക്കുകൾ. സിഎൻജിക്ക് വില കുറവാണ് എന്നതിനപ്പുറം മികച്ച മൈലേജ് നൽകാനും ഇവയ്ക്ക് സാധിക്കും. ഓട്ടോമോട്ടീവ് വ്യവസായം ക്ലീനും കൂടുതൽ സുസ്ഥിരവുമായ മൊബിലിറ്റി ഓപ്ഷനുകളിലേക്ക് മാറുന്നതിനാൽ ബജാജിന്റെ ഈ നീക്കം ഗുണം ചെയ്യുമെന്ന് ഉറപ്പാണ്.