ടെഹ്റാന്‍: വസ്ത്ര നിയമം ലംഘിക്കുന്ന സ്ത്രീകള്‍ക്കുള്ള ശിക്ഷ കടുപ്പിച്ച് ഇറാന്‍ പാര്‍ലമെന്‍റ്. നിയമം ലംഘിക്കുന്നവർക്ക് ഹിജാബ് ബില്‍ പ്രകാരം 10 വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. മൂന്ന് വര്‍ഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഇറാൻ പാര്‍ലമെന്‍റ് നിയമം നടപ്പാക്കുന്നത്. 152 പേരാണ് ഹിജാബ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. 34 പേർ എതിർത്ത് വോട്ട് ചെയുകയും ഏഴ് പേർ വിട്ടു നിൽകുകയും ചെയ്തു. പുരോഹിതന്മാരും നിയമവിദഗ്ധരും അടങ്ങുന്ന ശക്തമായ മേൽനോട്ട സമിതിയായ ഗാർഡിയൻ കൗൺസിൽ ബില്ലിന് അംഗീകാരം നൽകേണ്ടതുണ്ട്.
1979 മുതല്‍ നിലവിലുള്ള നിർബന്ധിത വസ്ത്രധാരണരീതി ഇറാനികൾ, എങ്ങനെ അനുസരിക്കണമെന്ന് പുതിയ ബില്‍ പറയുന്നു. സ്ത്രീകൾക്ക് ഇറുകിയ വസ്ത്രം, കഴുത്തിന് താഴെയോ കണങ്കാലിന് മുകളിലോ കൈത്തണ്ടയ്ക്ക് മുകളിലോ ശരീരഭാഗങ്ങൾ കാണുന്ന വസ്ത്രം എന്നിവയൊന്നും പാടില്ലെന്ന് ബില്ലില്‍ വ്യക്തമാക്കുന്നു. പുരുഷന്മാരെ സംബന്ധിച്ച് നെഞ്ചിന് താഴെയോ കണങ്കാലിന് മുകളിലോ ശരീര ഭാഗങ്ങള്‍ കാണുന്ന വസ്ത്രം ധരിക്കരുത്. സർക്കാർ, നിയമ നിർവ്വഹണം, സൈന്യം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാർ നിർബന്ധിത ഹിജാബ് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നിയമ ലംഘനം തടയുന്നതിനും ശ്രദ്ധിക്കണമെന്നും ബില്ലില്‍ വ്യക്തമാക്കി. ഹിജാബ് ബില്‍ ഒരു തരത്തിലുള്ള ലിംഗ വർണ്ണവിവേചനമാണെന്ന് യു.എന്‍ വിദഗ്ധര്‍ വിമര്‍ശിച്ചിരുന്നു.