മോട്ടോർസൈക്കിൾ പ്രേമികൾക്കിടയിൽ ഏറെ ആരാധകരുള്ള വിഭാഗമാണ് മോഡേൺ ക്ലാസിക് ഡിസൈനുള്ള ബൈക്കുകൾ. മോട്ടോർസൈക്കിളുകളുടെ സുവർണകാലമെന്ന് വിളിക്കാവുന്ന 1970കളിലും 80കളിലും പുറത്തിറങ്ങിയ ബൈക്കുകളുമായി സാമ്യതയുള്ളതും എന്നാൽ ആധുനികമായ ഡിസൈൻ ഘടകങ്ങളും സവിശേഷതകളുമുള്ളതുമായ നിരവധി ബൈക്കുകൾ ഇന്ന് വിപണിയിലുണ്ട്. ഇന്ത്യൻ വിപണിയിലെ 3 ലക്ഷത്തിൽ താഴെ മാത്രം വിലയുള്ള മോഡേൺ ക്ലാസിക് ബൈക്കുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.
ട്രയംഫ് സ്പീഡ് 400
ബജാജും ട്രയംഫും ചേർന്ന് നിർമ്മിച്ച ഈ മോട്ടോർസൈക്കിളിന് 2.33 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. റൈഡ്-ബൈ-വയർ ത്രോട്ടിൽ, ട്രാക്ഷൻ കൺട്രോൾ, എബിഎസ്, സ്ലിപ്പർ ക്ലച്ച് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾക്കൊപ്പം ബ്രിട്ടീഷ് ബ്രാൻഡിന്റെ പൈതൃകം കാത്ത് സൂക്ഷിക്കുന്ന ക്ലാസിക് ഡിസൈനാണ് ബൈക്കിൽ നൽകിയിട്ടുള്ളത്. 39.5 ബിഎച്ച്‌പിയും 37.5 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 398 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് മോട്ടോർസൈക്കിളിന് കരുത്ത് നൽകുന്നത്.
ഹോണ്ട സിബി350
ഇന്ത്യയിലെ ആധുനിക ക്ലാസിക് സെഗ്‌മെന്റിലേക്കുള്ള ഹോണ്ടയുടെ കടന്നുവരവ് അടയാളപ്പെടുത്തിയ മോഡലാണ് ഹോണ്ട ഹൈനസ് സിബി350. 1960 കളിലെയും 70 കളിലെയും ഹോണ്ടയുടെ ഐക്കണിക് സിബി സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ബൈക്ക് നിർമ്മിച്ചത്. ബൈക്കിലുള്ള 348 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിൻ 21 ബിഎച്ച്പി പവറും 30 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഫുൾ-എൽഇഡി ലൈറ്റിംഗ്, എബിഎസ്, സെമി-ഡിജിറ്റൽ ക്ലസ്റ്റർ, ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ ഫീച്ചറുകളുമായി വരുന്ന ബൈക്കിന്റെ എക്സ് ഷോറൂം വില 2.09 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു.
ജാവ ക്ലാസിക്
ക്ലാസിക് ബൈക്ക് പ്രേമികളുടെ മനം കവർന്ന മോഡലാണ് ജാവ ക്ലാസിക്. ടിയർ ഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവൽ ടാങ്കും വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും ഫ്ലാറ്റ് സീറ്റും ഡ്യൂവൽ എക്‌സ്‌ഹോസ്റ്റ് പൈപ്പുകളുമായിട്ടാണ് ബൈക്ക് വരുന്നത്. 26.9 ബിഎച്ച്‌പി പവറും 26.8 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 294 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബൈക്കിന് കരുത്ത് നൽകുന്നത്. ജാവ ക്ലാസിക്കിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 1.81 ലക്ഷം രൂപ മുതലാണ്.