ഇന്ത്യയിലെ ഇരുചക്രവാഹന വിപണിയിൽ കരുത്തരായ ടിവിഎസ് ഇലക്ട്രിക് സ്കൂട്ടർ മേഖലയിലും സജീവമാകുന്നു. ഇതിന്റെ ഭാഗമായി പുതിയ ഇലക്ട്രിക് സ്കൂട്ടറായ ടിവിഎസ് എക്സ് (TVS X) പുറത്തിറക്കി. കഴിഞ്ഞ ദിവസമാണ് കമ്പനി ഈ പുതിയ ഇവി ലോഞ്ച് ചെയ്തത്. ഏറ്റവും നവീനമായ സവിശേഷതകളോടെയാണ് ടിവിഎസ് എക്സ് വരുന്നത്. ഐക്യൂബിന് ശേഷം ടിവിഎസ് പുറത്തിറക്കുന്ന ഇലക്ട്രിക് സ്കൂട്ടറാണ് എക്സ്. ഡിസൈനിലും സവിശേഷതകളിലും കരുത്തിലും മികവ് പുലർത്തുന്ന ഇവിയാണിത്. ടിവിഎസ് എക്സ് ഇലക്ട്രിക് സ്കൂട്ടറിന് 2.50 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ഇത് ബെംഗളൂരുവിലെ വിലയാണ്. കേരളത്തിലെ വിലയിൽ ചെറിയ മാറ്റം ഉണ്ടായേക്കും.
ടിവിഎസ് എക്സ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. വാഹനത്തിന്റെ ആദ്യ ഡെലിവറി ഡിസംബറിലാണ് ആരംഭിക്കുന്നത്. ഡിസംബറിൽ ബെംഗളൂരുവിലും തുടർന്ന് 2024 മാർച്ചോടെ മറ്റ് ഇന്ത്യൻ നഗരങ്ങളിലും ടിവിഎസ് എക്സ് ഇലക്ട്രിക് സ്കൂട്ടർ ഡെലിവറി നടക്കും. ടിവിഎസ് എക്സ് ഇ-സ്കൂട്ടറിന് കേന്ദ്ര ഗവൺമെന്റിന്റെ ഫേം-II സബ്‌സിഡിക്ക് അർഹതയില്ല. പുതിയതായി വികസിപ്പിച്ച XLETON പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ടിവിഎസ് എക്സ് ഡിസൈൻ ചെയ്തിരിക്കുന്നത്. മറ്റ് സ്‌കൂട്ടർ ഫ്രെയിമുകളേക്കാൾ 2.5 മടങ്ങ് കാഠിന്യമുള്ളതാണ് ഈ സ്കൂട്ടറിന്റെ ഫ്രെയിം. അലുമിനിയം അലോയ് ഫ്രെയിമുമായി വരുന്ന ടിവിഎസ് എക്സിൽ മൂന്ന് റൈഡ് മോഡുകളുണ്ട്. എക്‌സ്‌ട്രൈഡ്, എക്‌സ്റ്റീൽത്ത്, സോണിക്ക് എന്നിവയാണ് ഈ റൈഡ് മോഡുകൾ. വെർട്ടിക്കലായി അടുക്കിയിരിക്കുന്ന ക്യൂബ് പോലെയുള്ള എൽഇഡി ഹെഡ്‌ലൈറ്റുകളും സെലക്ടീവ് റീജനറേറ്റീവ് ബ്രേക്കിങ്ങും ഈ സ്കൂട്ടറിലുണ്ട്.
സവിശേഷതകൾ
ടിവിഎസ് തന്നെ വികസിപ്പിച്ചെടുത്ത നാവ്പ്രോ എന്നറിയപ്പെടുന്ന സ്മാർട്ട് എക്സ്കണക്റ്റ് പ്ലാറ്റ്‌ഫോമാണ് ടിവിഎസ് എക്സ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഏറ്റവും വലിയ പ്രത്യേകത. എക്സ് ഇ-സ്‌കൂട്ടറിൽ കസ്റ്റമൈസ് ചെയ്യാവുന്ന 10.25 ഇഞ്ച് എച്ച്ഡി ടിൽറ്റ് സ്‌ക്രീൻ നൽകിയിട്ടുണ്ട്. വീഡിയോ പ്ലേബാക്ക്, ഗെയിമുകൾ, മ്യൂസിക്ക് എന്നിവ പോലുള്ള പ്രവർത്തനങ്ങൾ ഇതിലുണ്ട്. 12 ഇഞ്ച് അലോയ് വീലുകളാണ് ടിവിഎസ് എക്സ് ഇലക്ട്രിക് സ്കൂട്ടറിൽ നൽകിയിട്ടുള്ളത്. സ്കൂട്ടറിന്റെ സീറ്റിനടിയിൽ 19 ലിറ്റർ സ്റ്റോറേജ് സ്പേസുമുണ്ട്. സുരക്ഷയുടെ കാര്യത്തിൽ ടിവിഎസ് എക്സ് മികവ് പുലർത്തുന്നു. ഇ-സ്‌കൂട്ടറിൽ ജിയോ ഫെൻസിംഗ്, ടോവിങ് അലേർട്ട്, സ്‌മാർട്ട് ഹിൽ ഹോൾഡ് കൺട്രോൾ, ക്രാഷ് ഡിറ്റക്ഷൻ, റിവേഴ്‌സ് അസിസ്റ്റ്, ക്രൂയിസ് കൺട്രോൾ, ഓവർ സ്പീഡിങ് അലേർട്ട് തുടങ്ങിയ ‘സ്മാർട്ട് എക്‌ഷീൽഡ്’ ഫീച്ചറുകൾ നൽകിയിട്ടുണ്ട്. റൈഡർമാരുടെ സുരക്ഷയ്ക്കായി ഒരു ലൈവ് ലൊക്കേഷൻ ഷെയറിങ് ഫീച്ചറും ടിവിഎസ് ഈ സ്കൂട്ടറിൽ നൽകിയിട്ടുണ്ട്.
ബാറ്ററിയും റേഞ്ചും
നിക്കൽ-മാംഗനീസ്-കൊബാൾട്ട് (NMC) സെല്ലുകളുള്ള 4.44 kWh ബാറ്ററിയാണ് ടിവിഎസ് എക്സ് ഇലക്ട്രിക് സ്‌കൂട്ടറിലുള്ളത്. ഈ ബാറ്ററി ഒറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ചാണ് നൽകുന്നത്. ഇന്റഗ്രേറ്റഡ് കൺട്രോളറുള്ള റാം ഇൻടേക്ക് എയർ-കൂൾഡ് മോട്ടോറാണ് സ്കൂട്ടറിന്റെ കരുത്ത്. 11 kW അഥവാ 14.7 എച്ച്പി പീക്ക് പവറും 7 kW അഥവാ 9.3 എച്ച്പി പവറുമാണ് ഈ മോട്ടോർ നൽകുന്നത്. മണിക്കൂറിൽ 105 കിലോമീറ്ററാണ് ടിവിഎസ് എക്‌സിന്റെ പരമാവധി വേഗത.
വേഗതയും ചാർജിങ്ങും
ടിവിഎസ് എക്സ് ഇലക്ട്രിക് സ്‌കൂട്ടർ നിർത്തിയിട്ടിരിക്കുന്ന അവസ്ഥയിൽ നിന്ന് 40 കിലോമീറ്റർ വേഗത കൈവരിക്കാൻ 2.6 സെക്കൻഡ് മതിയാകും. 60 കിലോമീറ്റർ വേഗത കൈവരിക്കാൻ 4.5 സെക്കൻഡാണ് ഈ സ്കൂട്ടറിന് വേണ്ടത്. 950W പോർട്ടബിൾ ചാർജർ ഉപയോഗിച്ച് 3 മണിക്കൂർ 40 മിനിറ്റിനുള്ളിൽ ബാറ്ററി 0 മുതൽ 80% വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് ടിവിഎസ് അവകാശപ്പെടുന്നു. 3 kWh സ്മാർട്ട് എക്സ് ഹോം റാപ്പിഡ് ചാർജർ ഉപയോഗിച്ച്, വെറും 50 മിനിറ്റിനുള്ളിൽ ബാറ്ററി 50 ശതമാനം വരെ ചാർജ് ചെയ്യാം. പോർട്ടബിൾ ചാർജറിന് 16,275 രൂപയാണ് വില.
സസ്പെൻഷനും ബ്രേക്കും
ടിവിഎസ് എക്സ് ഇലക്ട്രിക് സ്കൂട്ടറിന്റെ മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളാണ് നൽകിയിട്ടുള്ളത്. സ്കൂട്ടറിന് പിന്നിൽ മോണോ ഷോക്ക് യൂണിറ്റുമുണ്ട്. മുൻവശത്ത് 220 എംഎം സിംഗിൾ ഡിസ്‌ക് ബ്രേക്കും പിന്നിൽ 195 എംഎം ഡിസ്‌ക് ബ്രേക്കുമായി വരുന്ന ടിവിഎസ് എക്സിൽ സിംഗിൾ ചാനൽ എബിഎസാണുള്ളത്. ഈ ഇലക്ട്രിക് സ്കൂട്ടറിന്റെ സീറ്റ് ഹൈറ്റ് 770 മില്ലീമീറ്ററും ഗ്രൗണ്ട് ക്ലിയറൻസ് 175 മില്ലീമീറ്ററുമാണ്.