ദില്ലി: ബില്‍ക്കിസ് ബാനു കേസില്‍ പ്രതികളെ വിട്ടയച്ചതില്‍ ഗുജറാത്ത് സര്‍ക്കാരിനെതിരെ സുപ്രീം കോടതി. ‘ഇന്ന് ബില്‍ക്കിസ് ബാനുവാണെങ്കില്‍ നാളെ മറ്റാരുമാകാ’മെന്ന് ചൂണ്ടിക്കാണിച്ച സുപ്രീംകോടതി കുറ്റവാളികളെ വിട്ടയച്ചതിന്റെ കാരണങ്ങള്‍ വിശദീകരിക്കാനും കോടതി നിര്‍ദേശിച്ചു. ബില്‍ക്കിസ് ബാനു കേസില്‍ പ്രതികള്‍ കുറ്റം ചെയ്ത രീതി ഭയാനകമെന്നും നീരീക്ഷിച്ചു. പൊതുതാല്‍പര്യം കണക്കിലെടുത്താണ് കുറ്റവാളികള്‍ക്ക് ശിക്ഷ ഇളവ് നല്‍കേണ്ടതെന്നും കോടതി സര്‍ക്കാരിനോട് ചൂണ്ടിക്കാട്ടി.
പ്രതികള്‍ക്ക് 1500 ദിവസം പരോള്‍ കിട്ടിയതെങ്ങനെയെന്നും ചോദിച്ച പരമോന്നത കോടതി, സാധാരണ പൗരന് ഈ സൗകര്യം ലഭിക്കുമോ എന്നും ആരാഞ്ഞു. ഒരു ഗര്‍ഭിണി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു. ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു. ഇത് സാധാരണ കൊലക്കേസായി കണക്കാക്കാനാവില്ല. പ്രതികളെ വിട്ടയക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനം എന്താണെന്നത് കൃത്യമായി ബോധിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. 2002ലെ ഗുജറാത്ത് വംശഹത്യക്കിടെ പ്രതികള്‍ ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. കേസിലെ 11 പ്രതികളെ ജയില്‍ മോചിതരാക്കിയതിനെതിരെ ബില്‍ക്കിന് ഭാനു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. മേയ് 2 ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.