ദില്ലി : ബിൽക്കീസ് ബാനു കേസിലെ പ്രതികൾ ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതി നിർദേശം. അടുത്ത ഞായറാഴ്ച കീഴടങ്ങാനാണ് കോടതി കർശന നിർദേശം നൽകിയിരിക്കുന്നത്. സമയം നീട്ടി നൽകണമെന്ന ഹർജി തളളിയ കോടതി പ്രതികൾ ഉന്നയിച്ച ആവശ്യങ്ങൾ കഴമ്പില്ലാത്തതാണെന്നും ചൂണ്ടിക്കാട്ടി. 5 മിനിറ്റ് കൊണ്ടാണ് ഹർജി തീർപ്പാക്കിയത്. 2002ൽ ഗുജറാത്ത് കലാപത്തിൽ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെയാണ് ഗുജറാത്ത് സർക്കാർ മോചിപ്പിച്ചത്. ഇതിനെതിരെ ബിൽക്കീസ് ബാനു നൽകിയ ഹർജിയാണ് കോടതി ഇന്ന് പരിഗണിച്ചത്.
ബിൽക്കീസ് ബാനുവിനോടൊപ്പം നിരവധി രാഷ്ട്രീയ, പൗരാവകാശ പ്രവർത്തകരും നൽകിയ ഹർജികളും ഇന്ന് പരിഗണിച്ചിരുന്നു. ജസ്റ്റിസുമാരായ കെ എം ജോസഫും ബി വി നാഗരത്‌നയും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. മാർച്ച് 22 ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിഷയം അടിയന്തിര ലിസ്റ്റിംഗിനായി നിർദ്ദേശിക്കുകയും ഹർജി കേൾക്കാൻ പുതിയ ബെഞ്ച് രൂപീകരിക്കാനും ആവശ്യപ്പെട്ടിരുന്നു. നേരത്തെ, ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് ത്രിവേദി പിന്മാറിയിരുന്നു. നവംബർ 30നാണ് പ്രതികളെ മോചിപ്പിച്ചതിനെതിരെ ബിൽക്കീസ് ബാനു സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഗുജറാത്ത് സർക്കാർ ആഗസ്റ്റ് 15നാണ് പ്രതികളെ മോചിപ്പിച്ചത്.