തിരുവനന്തപുരം: സര്‍വകലാശാലകളെ ചൊല്ലിയുള്ള ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിന്റെ ക്ലൈമാക്‌സ് എന്താകുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. സര്‍വകലാശാല വിഷയങ്ങളില്‍ ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എടുക്കുന്ന നിലപാടുകളോട് യോജിക്കുന്ന വിധികളാണ് കോടതികളുടെ ഭാഗത്തുനിന്നും വരുന്നത്. നീതിപീഠങ്ങളില്‍ നിന്നും തുടര്‍ച്ചയായ തിരിച്ചടികള്‍ നേരിടുന്നുണ്ടെങ്കിലും ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്യുമെന്ന പ്രഖ്യാപനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് പറയുന്നു. സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ പുറത്താക്കാന്‍ സര്‍വകലാശാലാ നിയമങ്ങളില്‍ ഭേദഗതി വരുത്തുന്ന കരടു ബില്ലിന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയിരുന്നു. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.
കേരള, എംജി, കുസാറ്റ്, കാലിക്കറ്റ്, കണ്ണൂര്‍, സംസ്‌കൃതം, മലയാളം, ഡിജിറ്റല്‍, ശ്രീനാരായണഗുരു, കാര്‍ഷിക, വെറ്ററിനറി, ഫിഷറീസ്, ആരോഗ്യ, സാങ്കേതിക സര്‍വകലാശാലാ നിയമങ്ങളിലാണു ഭേദഗതി വരുത്തുന്നത്. ഗവര്‍ണര്‍ക്കു പകരം വിദ്യാഭ്യാസ വിദഗ്ധരെ പകരം ചാന്‍സലറായി നിയമിക്കാനാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ- സാമൂഹിക- സാംസ്‌കാരിക- സൈദ്ധാന്തിക മേഖലകളിലെ പ്രഗല്ഭരെ സര്‍ക്കാര്‍ ആശീര്‍വാദത്തോടെ ചാന്‍സലറായി നിയമിക്കും. ഈ സ്ഥാനത്ത് എത്തുന്നയാളുടെ സ്ഥാനം ഫലത്തില്‍, പ്രോചാന്‍സലറായ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ മുകളിലായിരിക്കും.
ഗവര്‍ണര്‍ക്കു പകരക്കാരനായി സര്‍ക്കാര്‍ കണ്ടെത്തുന്ന ചാന്‍സലര്‍ക്കെതിരെ ഗുരുതര പെരുമാറ്റദൂഷ്യ ആരോപണം വന്നാല്‍ സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ മുന്‍ ജഡ്ജി നടത്തുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ചുമതലകളില്‍നിന്നു നീക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നു കരടു ബില്ലില്‍ പറയുന്നു. 75 വയസ്സോ 5 വര്‍ഷമോ, ഏതാണോ ആദ്യം വരിക, അതുവരെ പദവിയില്‍ തുടരാം. 75 വയസ്സാകാത്തവര്‍ക്ക് ഒരുതവണ പുനര്‍നിയമനമാകാമെന്ന വ്യവസ്ഥയും ബില്ലിലുണ്ട്.
ബില്ലിന്‍മേല്‍ ഗവര്‍ണറുടെ കൈകടത്തല്‍ ഉണ്ടാകാതിരിക്കാന്‍ തികഞ്ഞ ശ്രദ്ധ സര്‍ക്കാര്‍ പതിപ്പിച്ചിരുന്നു. അധിക സാമ്പത്തിക ബാധ്യത വന്നാല്‍ ബില്‍ അവതരിപ്പിക്കാന്‍ ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതി വേണമെന്ന കടമ്പ മുന്നില്‍ കണ്ട്, കരട് ബില്ലില്‍ ധനകാര്യ മെമ്മോറാണ്ടം ഇല്ലാത്തതെയാണ് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. കരട് ബില്ലില്‍ ധനകാര്യ മെമ്മോറാണ്ടം ഇല്ലാത്തതിനാല്‍ ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നാണ് നിയമവിദഗ്ദ്ധറുടെ വിലയിരുത്തല്‍. ഖജനാവില്‍നിന്നു തുക ചെലവഴിക്കാതെ ചാന്‍സലര്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്കും മറ്റു ചെലവുകള്‍ക്കുമുള്ള തുക സര്‍വകലാശാലകളുടെ തനതു ഫണ്ടില്‍നിന്നും കണ്ടെത്തും.
സര്‍വകലാശാല വിഷയത്തില്‍ നേരത്തേ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ടിരുന്നില്ല. ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ചേക്കുമെന്ന സൂചനകളും ഇടയ്ക്ക് ഗവര്‍ണര്‍ നല്‍കിയിരുന്നു. ഇക്കാര്യങ്ങളിലെല്ലാം രാജ്ഭവന്റെ തീരുമാനം നീളുന്നതിനിടെയാണ് നിയമസഭ വിളിച്ചു ചേര്‍ത്ത് ബില്‍കൊണ്ട് വരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബില്ലില്‍ ഗവര്‍ണര്‍ എന്ത് തീരുമാനം എടുക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.