കോഴിക്കോട് : പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമായതിനാല്‍ ലൈംഗിക പീഡന പരാതി നിലനില്‍ക്കില്ലെന്ന കോടതി പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള ഇത്തരവിലാണ് കോഴിക്കോട് സെഷന്‍സ് കോടതിയുടെ വിചിത്രവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശമുണ്ടായത്. വിഷയത്തില്‍ ചിലര്‍ ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തി ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. വാഴ്ത്തുപാട്ടുകള്‍ തുടരുമ്പോഴും, ഒരുളുപ്പുമില്ലാതെ ഇരയുടെ ഐഡന്റിറ്റി പോലും പരസ്യമായി വെളിപ്പെടുത്തുന്ന ആസ്ഥാന ഫെമിനിസ്റ്റുകള്‍ ചരിത്രത്തോട് മാപ്പ് പറയേണ്ടി വരുമെന്ന് ബിന്ദു തന്റെ ഫേസ്‌ബുക്കില്‍ കുറിച്ചു.
‘ഇഷ്ടമുള്ള വസ്ത്രം ഇഷ്ടമുള്ള സമയത്തു ധരിക്കുക എന്നത് ഞങ്ങളുടെ അവകാശം ആണ്. അത് കോഴിക്കോട് ഒരു കോടതി പറഞ്ഞാല്‍ തീര്‍ന്നു പോകുന്ന ഒന്നല്ല. ഞങ്ങള്‍ ധരിക്കുന്ന വസ്ത്രം നോക്കി കയറിപ്പിടിക്കാമെന്ന് ഫോട്ടോഗ്രാഫ് നിരത്തി കോടതിയില്‍ വാദിച്ച സിവിക്കിന്, ശില്‍ബന്ധികള്‍ക്ക് പിന്നെ ഭരണഘടനാ വിരുദ്ധമായ, ദളിത് വിരുദ്ധമായ, സ്ത്രീവിരുദ്ധമായ ഉത്തരവ് ആണ് കോടതി ഇറക്കിയത്. നിയമവാഴ്ചയില്‍, ഭരണഘടനയില്‍ പ്രതീക്ഷ അസ്ഥമിച്ചിട്ടില്ല. വാഴ്ത്തുപാട്ടുകള്‍ തുടരുമ്പോളും, ഒരുളുപ്പുമില്ലാതെ ഇരയുടെ ഐഡന്റിറ്റി പോലും പരസ്യമായി വെളിപ്പെടുത്തുന്ന ആസ്ഥാന ഫെമിനിസ്റ്റുകള്‍ ചരിത്രത്തോട് മാപ്പ് പറയേണ്ടി വരും’, ബിന്ദു അമ്മിണി ഫേസ്‌ബുക്കില്‍ കുറിച്ചു.
അതേസമയം, കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ്.കൃഷ്ണകുമാര്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് പുറപ്പെടുവിച്ച ഉത്തരവാണ് വിവാദമായത്. പരാതിക്കാധാരമായ സംഭവം നടന്ന ദിവസത്തെ ഫോട്ടോകള്‍ പ്രതി കോടതിയില്‍ ഹാജരാക്കിയിരുന്നു. ശരീരഭാഗങ്ങള്‍ കാണുന്ന നിലയിലാണ് യുവതി വസ്ത്രം ധരിച്ചിരുന്നതെന്നും, ഇത്തരത്തില്‍ യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പീഡനത്തിനുള്ള 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നുമായിരുന്നു കോടതിയുടെ കണ്ടെത്തല്‍.