തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ അറസ്റ്റിന് പിന്നാലെ സിപിഎമ്മിന്റെ ആസ്ഥാനമായ എകെജി സെന്ററിന് പോലീസ് സുരക്ഷ ശക്തമാക്കി. ഡിസിപി ദിവ്യാ ഗോപിനാഥിന്റെ നേതൃത്വത്തില്‍ വലിയ പോലീസ് സന്നാഹം സ്ഥലത്തുണ്ട്. പോലീസ് ബാരിക്കേഡുകളും എകെജി സെന്ററിന് മുന്നിലേക്ക് എത്തിച്ചിട്ടുണ്ട്.
ബിനീഷിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സന്ധ്യയോടെ എകെജി സെന്ററിലേക്ക് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധ മാര്ച്ചുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ കൂട്ടിയത്. എകെജി സെന്ററിന് മുന്നിലൂടെയുള്ള പ്രധാന പാതയും സമീപത്തെ ചെറുവഴികളും പോലീസ് നിരീക്ഷണത്തിലാണ്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നിലവില്‍ തലസ്ഥാനത്തില്ല. എകെജി സെന്ററില്‍ എം.വി.ഗോവിന്ദന്, ആനത്തലവട്ടം ആനന്ദന്, എസ്.രാമചന്ദ്രന്‍പിള്ള എന്നീ നേതാക്കള്‍ മാത്രമാണുള്ളത്. തലസ്ഥാന ജില്ലയിലുള്ള സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരും എകെജി സെന്ററിന് പരിസരത്തേക്ക് എത്തുമെന്നാണ് സൂചന.