കൊച്ചി: ബിനീഷ് കോടിയേരിയെ സംഘടനയില്‍നിന്ന് പുറത്താക്കണമെന്ന് ‘അമ്മ’. എക്‌സിക്യുട്ടീവ് യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്. ആവശ്യത്തെ മുകേഷും ഗണേഷ് കുമാറും എതിര്‍ത്തു.
അതേസമയം ബിനീഷ് കോടിയേരിയെ ഉടനെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റും. എന്‍.സി.ബി കസ്റ്റഡി നീട്ടി ചോദിച്ചില്ല. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതിയില്‍ ഹാജരാക്കിയത്.
ബെംഗളൂരു ലഹരി ഇടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ബിനീഷ് കോടിയേരിയുടെ ബെനാമിയെന്ന് സംശയിക്കുന്ന കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ് ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരായി. നോട്ടീസ് കിട്ടിയതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. രണ്ടാം തിയ്യതി ഹാജരാകാമെന്നായിരുന്നു അബ്ദുള്‍ ലത്തീഫ് എന്‍ഫോഴ്‌സ്‌മെന്റിനെ അറിയിച്ചിരുന്നത്. ബിനീഷിന്റെ ഡ്രൈവര്‍ അനികുട്ടന്‍ , ബിനീഷിന്റെ അക്കൗണ്ടുകളിലേക്കു വന്‍തോതില്‍ പണം അയച്ച എസ്. അരുണ്‍ എന്നിവര്‍ക്കു ഹജരാകാന്‍ നല്‍കിയിരുന്ന സമയ പരിധി ബുധനാഴ്ച അവസാനിച്ചു. ഇതില്‍ അരുണ്‍ 10 ദിവസത്തെ അവധി ചോദിച്ചെങ്കിലും അനുവദിച്ചില്ല. ഇവര്‍ ഹജരാകാന്‍ ഇടയില്ലെന്ന സൂചന ലഭിച്ചതോടെയാണു കസ്റ്റഡിയിലെടുക്കാന്‍ ഇ.ഡി നടപടി തുടങ്ങിയത്. ഇന്നും കൂടി കാത്തിരുന്നതിനു ശേഷം തിരച്ചില്‍ അടക്കമുള്ളവ തുടങ്ങും. ഇവരെ പിടികൂടിയതിനു ശേഷം ബിനീഷിനെ ഇ.ഡി വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയേക്കും. ലത്തീഫിനെയും ബിനീഷിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണമെന്നു നേരത്തെ ഇ.ഡി കോടതിയെ അറിയിച്ചിരുന്നു.