തിരുവനന്തപുരം : ബിനീഷ് കോടിയേരിക്ക് നിക്ഷേപമുണ്ടെന്നു കരുതുന്ന കാർ പാലസിൽ ഇഡി പരിശോധന നടത്തി. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ വീസ സ്റ്റാംപിങ് കരാർ ലഭിച്ച യുഎഎഫ്എക്സ് സൊല്യൂഷൻസ്, കാപ്പിറ്റോ ലൈറ്റ്സ്, കെ കെ റോക്ക്സ് ക്വാറി തുടങ്ങിയവയെക്കുറിച്ചും സംശയമുണ്ട്. ഇവയെക്കുറിച്ചും ഇഡി അന്വേഷണം നടത്തുമെന്നാണ് വിവരം. ലഹരി ഇടപാടിനു കൊച്ചി സ്വദേശി അനൂപ് മുഹമ്മദിനു ബിനീഷ് കോടിയേരി കൈമാറിയെന്നു സംശയിക്കുന്ന പണത്തിന്റെ ഉറവിടം തേടിയാണ് എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേരളത്തിലെത്തിയത്. 3 ബാങ്കുകളിലെ ബിനീഷിന്റെ ഇടപാടുകൾ പരിശോധിക്കും. ബിനീഷുമായി ബന്ധമുള്ള കണ്ണൂരിലെ വിവിധ സ്ഥാപനങ്ങളിലും ഇതേസമത്തു തന്നെ പരിശോധന നടത്തിയിരുന്നു.
2012-19 ൽ ബിനീഷിന്റെ അക്കൗണ്ടുകളിലെ വൻ നിക്ഷേപവും ആദായനികുതി റിട്ടേണും തമ്മിൽ ഗുരുതര പൊരുത്തക്കേടുകളെന്ന് ബെംഗളൂരു പ്രത്യേക കോടതിയിൽ ഇഡി സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ചില വർഷങ്ങളിൽ റിട്ടേണിൽ കാണിച്ച വരുമാനത്തിന്റെ പത്തിരട്ടിയോളം അക്കൗണ്ടുകളിലെത്തി. 7 വർഷത്തിനിടെ വരുമാനമായി കാണിച്ചിരിക്കുന്നത് 1,22,12,233 രൂപയാണ് (1.22 കോടി). എന്നാൽ അക്കൗണ്ടുകളിലെത്തിയത് 5,17,36,600 രൂപയും (5.17 കോടി). ചോദ്യങ്ങൾക്കു ബിനീഷ് വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നും അറിയിച്ചു.
അനൂപിനു കൈമാറിയ പണം തിരുവനന്തപുരത്തു നിന്നു ബാങ്ക് വായ്പയെടുത്തതാണെന്നാണ് ബിനീഷ് നൽകിയ മൊഴി. അബ്ദുൽ ലത്തീഫ് എന്നയാൾക്കൊപ്പം ശംഖുംമുഖത്തു നടത്തുന്ന ഓൾഡ് കോഫി ഹൗസിന്റെ പേരിലാണ് വായ്പയെടുത്തതെന്നും പറഞ്ഞിരുന്നു. ബിനീഷിന്റെ ബെനാമി ഇടപാടുകൾ അന്വേഷിക്കുന്നതിന് ബുധനാഴ്ച രാവിലെയാണ് എൻഫോഴ്സ്മെന്റ് ബെംഗളൂരു യൂണിറ്റിലെ അംഗങ്ങൾ തിരുവനന്തപുരത്തെത്തിയത്. കർണാടക പൊലീസും സിആർപിഎഫും ഒപ്പമുണ്ട്. ബിനീഷിന്റെ മരുതുംകുഴിയിലെ വീട്ടിലും പരിശോധന നടത്തി.