ബംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റുചെയ്ത ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഇതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചോദ്യം ചെയ്യലിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി നാലാംദിവസവും അദ്ദേഹത്തെ ഇഡി ചോദ്യംചെയ്യുകയാണ്. ചോദ്യംചെയ്യലില്‍ പല നിര്‍ണായക വിവരങ്ങളും ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ചോദ്യം ചെയ്യലിനായി ബിനീഷിനെ ഇന്ന് ഇഡി ഓഫീസില്‍ എത്തിച്ചപ്പോള്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച ഉദ്യോഗസ്ഥനോട് ബിനീഷ് കയര്‍ത്തിരുന്നു. ബിനീഷിന്റെ ഉടമസ്ഥതയിലുള്ള രണ്ടു കമ്പനികളെക്കുറിച്ചും ഇ ഡി അന്വേഷിക്കുന്നു. ബി കാപിറ്റല്‍ ഫോറക്സ്, ബി കാപിറ്റല്‍ സര്‍വീസ് എന്നീ കമ്പനികളെക്കുറിച്ചാണ് അന്വേഷണം. ഈ കമ്പനികളില്‍ സാധാരണ ഇടപാടുകള്‍ നടന്നിട്ടില്ലെന്നതാണ് കാരണം. അതിനിടെ ബിനീഷിന്റെ മയക്കുമരുന്ന് ബന്ധം കണ്ടെത്താനുളള നടപടികളുമായി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നീക്കം തുടങ്ങിയിട്ടുണ്ട്.