ബെംഗളുരു : മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി കോടതി നീട്ടി. 5 ദിവസത്തേക്ക് കൂടി നിനീഷിനെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടു. ബെംഗളൂരുവിലെ സിറ്റി സിവില്‍ കോടതിയുടേതാണ് ഉത്തരവ്. പത്ത് ദിവസം ആണ് ഇഡി ബിനീഷിനെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ശനിയാഴ്ച വരെ കസ്റ്റഡി അനുവദിക്കുകയായിരുന്നു.
മുന്‍പ് എന്‍ഫോഴ്‌സ്‌നെന്റ് കസ്റ്റഡിയില്‍ 4ദിവസമാണ് കോടതി അനുവദിച്ചിരുന്നത്. എന്നാല്‍, ഇതില്‍ രണ്ട് ദിവസം ചോദ്യം ചെയ്യല്‍ നടന്നില്ലെന്ന ഇ.ഡിയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മാത്രമല്ല, ബിനീഷ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും ഇ.ഡി കോടതിയില്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി കാലാവധി നീട്ടി ചോദിച്ചുകൊണ്ടുള്ള ആവശ്യം ബെംഗളൂരുവിലെ സിറ്റി സിവില്‍ കോടതി അംഗീകരിച്ചത്.
കടുത്ത ശരീരവേദനയുണ്ടെന്ന് ബിനീഷ് മജിസ്‌ട്രേറ്റിനോട് പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ബിനീഷിനെ ഹാജരാക്കാനുളള അനുമതി ചോദിച്ചെങ്കിലും നേരിട്ട് ഹാജരാകാന്‍ കോടതി അറിയിക്കുകയാണുണ്ടായത്. ഇന്നും ചോദ്യം ചെയ്യലിനായി ഇ.ഡി ഓഫീസില്‍ എത്തിച്ച ബിനീഷിനെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് തിരികെ കൊണ്ട് പോകുകയായിരുന്നു.