കൊച്ചി: ബിനീഷ് കോടിയേരിയുടെ ബിനാമി ബന്ധങ്ങള്‍ ഉറപ്പിക്കാനുള്ള അന്വേഷണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). മറ്റുപലരുടേയും പേരില്‍ കമ്പനികളുണ്ടെന്നും അതിലൊന്നാണ് തിരുവനന്തപുരം ആസ്ഥാനമായ യു.എ.എഫ്.എക്സ്. സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡെന്നുമാണ് അന്വേഷണസംഘം കരുതുന്നത്. വിസ സ്റ്റാമ്പിങ് സുഗമമാക്കാന്‍ യു.എ.ഇ. കോണ്‍സുലേറ്റ് കരാറില്‍ ഏര്‍പ്പെട്ട സ്ഥാപനമാണ് യു.എ.എഫ്.എക്സ്. ഈ കമ്പനിയെ തിരഞ്ഞെടുത്തതിന് തനിക്ക് കമ്മീഷന്‍ ലഭിച്ചതായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍, സ്ഥാപനവുമായുള്ള ബന്ധം ചോദ്യംചെയ്യലില്‍ ബിനീഷ് നിഷേധിച്ചു. സ്ഥാപനയുടമ അബ്ദുള്‍ ലത്തീഫുമായി സൗഹൃദമുണ്ടെന്നു സമ്മതിച്ചു. തിരുവനന്തപുരത്തെ ഒരു ഹോട്ടല്‍ ബിസിനസില്‍ ഇരുവര്‍ക്കും പങ്കാളിത്തമുള്ളത് ഇ.ഡി. കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് വരുമ്പോള്‍ അബ്ദുള്‍ ലത്തീഫിന്റെ കാര്‍ ഉപയോഗിക്കുന്നതിനു പിന്നിലും സൗഹൃദത്തില്‍ കവിഞ്ഞൊന്നുമില്ലെന്നായിരുന്നു ബിനീഷിന്റെ മറുപടി. ഇരുവരും തമ്മിലുള്ള പണമിടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് ഇ.ഡി.
ബെംഗളൂരുവില്‍ തുടങ്ങി പൂട്ടിപ്പോയ ബിനീഷിന്റെ കമ്പനികള്‍വഴി കാര്യമായ പണമിടപാടുകളൊന്നും നടന്നിട്ടില്ലെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. വിദേശനാണ്യ വിനിമയ കമ്പനി തുടങ്ങിയെങ്കിലും പ്രവര്‍ത്തനത്തിന് റിസര്‍വ് ബാങ്കിന്റെ രജിസ്‌ട്രേഷന്‍ എടുത്തിട്ടില്ല. ആര്‍.ബി.ഐ. അനുമതിയില്ലാതെ പ്രവര്‍ത്തിക്കാനുമാവില്ല. ഇത്തരം കമ്പനികള്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് എട്ടോളം രേഖകള്‍ സൂക്ഷിക്കുകയും മൂന്നുമാസത്തിലൊരിക്കല്‍ ആര്‍.ബി.ഐ.ക്ക് റിപ്പോര്‍ട്ട് നല്‍കുകയും വേണം. ബിനീഷിന്റെ കമ്പനി ഈ രീതിയിലുള്ള ഒരു റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടില്ല.