തിരുവനന്തപുരം: എമ്പുരാനിലെ ഖേദ പ്രകടനത്തിൽ മോഹൻലാൽ സ്വയം ചിന്തിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആരെങ്കിലും കത്രിക എടുത്തപ്പോൾ ക്ഷമ പറഞ്ഞത് ഉചിതമായോ എന്ന് മോഹൻലാൽ ചിന്തിക്കണം. കലാകാരന്മാർക്ക് മാപ്പിരക്കേണ്ട അവസ്ഥ മലയാളം ആദ്യമായിട്ടാണ് കാണുന്നത്. സത്യം ഏത് കത്രികയെക്കാളും വലുതാണെന്നും അദ്ദേഹം പറഞ്ഞു. കത്രിക വെക്കുന്നതിനു മുൻപ് സിനിമ കാണുക എന്നുള്ളത് പ്രേക്ഷകന്‍റെ അവകാശമാണ്. സെൻസറിങ് ഒന്ന് കഴിഞ്ഞതാണ്. വോളണ്ടറി സെൻസറിങ് എന്നാണ് പറയുന്നത്. അത് എന്തുതരം സെൻസറിങ് ആണ്.
കൈപിടിച്ച് പുറകിലേക്ക് തിരിക്കുന്നത് പോലെയാണ്. ചരിത്രവും സത്യവും ഒന്നും കത്രിക കൊണ്ട് ആർക്കും അറുത്തുമാറ്റാൻ കഴിയില്ല. സത്യങ്ങളൊന്നും മാഞ്ഞുപോകാൻ പോകുന്നില്ല. അവരുടെ രാഷ്ട്രീയത്തിന്‍റെ നിറം എല്ലാം ഇന്ത്യയ്ക്ക് അറിയാം. സത്യം ഏത് കത്രികയെക്കാളും വലുതാണ്. മോഹന്‍ലാലിനെപ്പോലൊരു വലിയ നടൻ ഇന്ത്യയും ലോകവുമറിയുന്ന വലിയ നടൻ അങ്ങനെ പറയേണ്ടി വന്നുവെങ്കിൽ നമ്മുടെ സിനിമാലോകം ബിജെപി ഭരണത്തിൻ കീഴിൽ എത്തിപ്പെട്ട അവസ്ഥയുടെ തെളിവാണിത്. ഇത് വളരെ ഖേദകരമായ സ്ഥിതിയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.