കോഴഞ്ചേരി : കോഴഞ്ചേരി ഗ്രാമപ്പഞ്ചായത്തിൽ നിർമിച്ച ജൈവ വൈവിധ്യ ഉദ്യാനം പരിപാലനമില്ലാതെ നശിക്കുന്നു. കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിന് എതിർവശമായി തിരുവല്ല-കുമ്പഴ സംസ്ഥാനപാതയ്ക്ക് അരികിലാണ് പാർക്ക് കാടുകയറി നശിക്കുന്നത്. പമ്പാനദി തീരസംരക്ഷണ ഉദ്ദേശ്യത്തോടുകൂടി പമ്പാ നദിക്കരയിലുള്ള പഞ്ചായത്തുകളിൽ ജൈവവൈവിധ്യ സംരക്ഷണത്തിനായും അതിന്റെ പ്രാധാന്യത്തെപ്പറ്റി പൊതുജനങ്ങളെ ബോധവത്‌കരിക്കുന്നതിനുമായി സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ആസൂത്രണത്തിൽ ജില്ലയിൽ നടപ്പാക്കിയ പദ്ധതിയാണിത്.
പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായുള്ള ബയോ ഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റിക്കാണ് ഇതിന്റെ പരിപാലനച്ചുമതല. ജൈവവൈവിധ്യ ബോർഡ് ഉദ്യോഗസ്ഥർ ഉപദേശകരായുള്ള ഈ കമ്മിറ്റിയാണ് ഇതിന്റെ പരിപാലനത്തിനുള്ള തുക കണ്ടെത്തി പരിപാലനം നേരിട്ടുചെയ്യുകയോ ഏജൻസികളെ കണ്ടെത്തി നിയമിക്കുകയോ ആണ് ചെയ്യേണ്ടത്. എന്നാൽ കൃത്യമായ പരിചരണം നടത്താത്തതിനാൽ വഴിയാത്രക്കാർക്ക് ബുദ്ധിമുട്ടായി കാടുകയറി കിടക്കുകയാണ്.