ഡല്‍ഹി : കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അടുത്ത ഒരു വര്‍ഷത്തേക്ക് എല്ലാ മാസവും പിഎം കെയേഴ്സ് ഫണ്ടിലേക്കു 50,000 രൂപ വീതം നല്‍കുമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് അറിയിച്ചു. തന്റെ ശമ്പളത്തില്‍ നിന്നാണ് അദ്ദേഹം ഈ തുക നല്‍കുന്നത്. അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് മാര്‍ച്ചില്‍ ബിപിന്‍ റാവത്ത് കത്തെഴുതിയിരുന്നു. ഇതിനു ശേഷം ആദ്യം ഘഡുവായ 50,000 രൂപ ഏപ്രില്‍ മാസത്തെ അദ്ദേഹത്തിന്റെ ശമ്പളത്തില്‍ നിന്നും പിടിച്ചു. ഫണ്ട് ആരംഭിച്ചപ്പോള്‍ തന്നെ മറ്റ് സേനാംഗങ്ങള്‍ക്കൊപ്പം ഒരു ദിവസത്തെ ശമ്പളം അദ്ദേഹം പിഎം കെയേഴ്സ് ഫണ്ടിലേക്കു കൈമാറിയിരുന്നു. എല്ലാ മാസവും ഒരു ദിവസത്തെ ശമ്പളം പിഎം കെയേഴ്സ് ഫണ്ടിലേക്ക് കൈമാറാനുള്ള അവസരം പ്രതിരോധ മന്ത്രാലയത്തിലെ ജീവനക്കാര്‍ക്ക് അവസരമുണ്ട്. എന്നാല്‍ ഇത് നിര്‍ബന്ധമല്ല.
പിഎം കെയേഴ്സ് ഫണ്ടിലേക്കു പണം സംഭാവനായായി നല്കുവാന് മറ്റു മുതിര്‍ന്ന സേനാംഗങ്ങളെയും പ്രേരിപ്പിക്കുവാനാണ് അദ്ദേഹം ഈ നടപടി സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേന അതോറിറ്റി അംഗവും മുന്‍ കോസ്റ്റ്ഗാര്‍ഡ് ചീഫുമായിരുന്ന രാജേന്ദ്ര സിംഗും തന്റെ ശമ്പളത്തില്‍ നിന്നും 30 ശതമാനം പിഎം കെയേഴ്സ് ഫണ്ടിലേക്കു സംഭാവനയായി നല്‍കിയിരുന്നു.