ഗോവിന്ദാപുരം : പക്ഷിപ്പനിയെ തുടര്‍ന്ന് തമിഴ്നാട് വാഹന പരിശോധന കര്‍ശനമാക്കി. ഗോവിന്ദാപുരത്തിനടുത്ത മീനാക്ഷിപുരം ചുങ്കം, ചെമ്മണാമ്പതി, കുപ്പാണ്ട കൗണ്ടന്നൂര്‍, വാളയാര്‍, വേലന്താവളം, നടുപ്പുണി, ഗോപാലപുരം എന്നീ അതിര്‍ത്തി പ്രദേശങ്ങളിലാണ് വെറ്ററിനറി ഡോക്ടറും പോലീസും ഉള്‍പ്പെടുന്ന സംഘത്തെ നിയമിച്ച് വാഹന പരിശോധന ശക്തമാക്കിയിട്ടുള്ളത്.
കേരളത്തില്‍ നിന്നു കടന്നു പോകുന്ന ചരക്കു വാഹനങ്ങള്‍ക്കും, കോട്ടയം, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ രജിസ്റ്റര്‍ നമ്പറുള്ള എല്ലാ വാഹനങ്ങളും പ്രത്യേകം പരിശോധിക്കുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്നും ഇറച്ചി കോഴികളെ കേരളത്തില്‍ ഇറക്കി തിരിച്ചെത്തുന്ന വാഹനങ്ങളുടെ ടയറുകളില്‍ അണുനാശിനി തളിച്ചാണ് കടത്തി വിടുന്നത്. പക്ഷികളുമായി കടക്കുന്ന വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി ചെമ്മണാമ്പതി അതിര്‍ത്തിയില്‍ പരിശോധന വാഹന നടത്തുന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. 24 മണിക്കൂറും വാഹന പരിശോധനയുണ്ട്.