ആലപ്പുഴ: ജില്ലയെ വീണ്ടും ആശങ്കയിലാഴ്‌ത്തി മുട്ടക്കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. കൈനകരി തോട്ടുവാത്തലയിലാണ് മുട്ടക്കോഴികള്‍ കൂട്ടത്തോടെ ചത്തത്. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയിലേക്ക് അയച്ച സാമ്പിളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ ഇന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ മുഴുവന്‍ വളര്‍ത്തുപക്ഷികളെയും നശിപ്പിക്കും. ഇതിനായി 5 ദൗത്യ സംഘങ്ങളെ നിയോഗിച്ചു.
ആഴ്ചകള്‍ക്ക് മുന്‍പ് പള്ളിപ്പാട്ട്, കരുവാറ്റ, നെടുമുടി, തകഴി എന്നിവിടങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈമേഖലയില്‍ പിന്നീട് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നില്ല. കൈനകരിയില്‍ ആദ്യമായാണ് പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. കൂടാതെ കൈനകരി തോട്ടുവാത്തല കരിങ്ങാട്ട് കെ.സി.ആന്റണിയുടെ 599 മുട്ടക്കോഴികള്‍ ചത്തു. എട്ടാം തീയതി നൂറിലേറെ കോഴികള്‍ ചത്തതോടെ മൃഗസംരക്ഷണ അധികൃതരെ അറിയിച്ചിരുന്നു. ഡോക്ടര്‍മാര്‍ സാമ്പിളെടുത്ത് ഭോപ്പാലിലേക്കു പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.