തിരുവനന്തപുരം: ദത്തെടുക്കുന്ന കുട്ടിയുടെ ജനനം രജിസ്റ്റർചെയ്യുമ്പോൾ മാതാപിതാക്കളുടെ സ്ഥാനത്ത് കുട്ടിയെ ദത്തെടുക്കുന്ന രക്ഷിതാക്കളുടെ പേരുതന്നെ ചേർക്കണമെന്ന് സർക്കാർ. ദത്തുനിയമം കർശനമായതിനാൽ ചില ഘട്ടങ്ങളിൽ രജിസ്‌ട്രേഷൻ നടപടിയിൽ ഉദ്യോഗസ്ഥർക്ക് ആശയക്കുഴപ്പം ഉണ്ടാകുന്ന സാഹചര്യത്തിലാണ് പുതിയ സർക്കുലർ. ദത്തെടുത്ത കുട്ടിയുടെ നിലവിലെ ജനനരജിസ്റ്ററിൽ ദത്തെടുത്ത മാതാപിതാക്കളുടെ പേര് ചേർത്തും കുട്ടിയുടെ ജനനത്തീയതിയായി ജില്ലാമജിസ്‌ട്രേറ്റിന്റെ ദത്തെടുക്കൽ ഉത്തരവിലെ ജനനത്തീയതി ചേർത്തും തിരുത്താനും നിർദേശമുണ്ട്. ജനനസർട്ടിഫിക്കറ്റ്, അപേക്ഷലഭിച്ച് അഞ്ചുദിവസത്തിനകം നൽകും. സ്ഥാപനങ്ങളിൽനിന്നല്ലാതെ 1956-ലെ ഹിന്ദു അഡോപ്ഷൻ ആൻഡ് മെയിന്റനൻസ് ആക്ട് പ്രകാരം ബന്ധുക്കളിൽനിന്ന് ദത്തെടുത്ത കുട്ടിയുടെ ജനനം രജിസ്റ്റർചെയ്യാനും നിലവിലെ രജിസ്റ്ററിൽ മാറ്റംവരുത്താനും ഇരുകൂട്ടരും ഒപ്പുവെച്ച, നിയമാനുസൃതം രജിസ്റ്റർചെയ്ത ദത്തെടുക്കൽ ആധാരം ആധികാരികരേഖയായി കണക്കാക്കും.
സ്ഥാപനങ്ങളിൽനിന്നല്ലാതെ ദത്തെടുക്കുമ്പോൾ രജിസ്േട്രഷന് കുട്ടിയുടെ പ്രായം പ്രധാനമാണ്. ഒരുവയസ്സിൽ കൂടുതലാണെങ്കിൽ രജിസ്റ്റർചെയ്യാൻ ജനന-മരണ രജിസ്‌ട്രേഷൻ നിയമപ്രകാരം ജില്ലാ മജിസ്‌ട്രേറ്റിന്റെയോ സബ് ഡിവിഷൻ മജിസ്‌ട്രേറ്റിന്റെയോ ജില്ലാമജിസ്‌ട്രേറ്റ് അധികാരപ്പെടുത്തുന്ന എക്സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെയോ ഉത്തരവ് വേണം.