കൊച്ചി : സംസ്ഥാനത്തെ വികസനത്തിനായി കുരിശടികളോ കപ്പേളകളോ ചെറിയ ആരാധനാലയങ്ങളോ മാറ്റി സ്ഥാപിക്കേണ്ടി വന്നാല്‍ എല്ലാ ക്രൈസ്തവ വിഭാഗങ്ങളും അതിന് തയാറാകണമെന്ന് കെ.സി.ബി.സി പ്രസിഡന്റും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ്പും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
‘ചരിത്രപ്രാധാന്യമുള്ളതും കൂടുതല്‍ വിശ്വാസികള്‍ പ്രയോജനപ്പെടുത്തുന്നതുമായ ആരാധനാലയങ്ങളുടെ നിലനില്പിനെ ബാധിക്കാത്തവിധം വികസനപദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യണം. മാറ്റി സ്ഥാപിക്കുകയോ പുനര്‍നിര്‍മിക്കുകയോ വേണ്ടിവന്നാല്‍ നഷ്ടപരിഹാര – പുനരധിവാസ നിയമം കൃത്യമായും സമയബന്ധിതമായും നടപ്പാക്കണം’ – അദ്ദേഹം പറഞ്ഞു. ദേശീയപാത 66ന്റെ വികസനത്തിനായി ക്ഷേത്രമിരിക്കുന്ന സ്ഥലം വിട്ടുനല്‍കിയ കൊവ്വല്‍ അഴിവാതുക്കല്‍ ക്ഷേത്രഭാരവാഹികളെ കര്‍ദിനാള്‍ അനുമോദിച്ചു.