ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് രണ്ട് എംഎല്‍എമാര്‍ കൂടി രാജിവെച്ചു. രണ്ടാം ഘട്ട പട്ടിക പുറത്തിറക്കിയതിനു പിന്നാലെയാണ് എംഎല്‍എമാര്‍ രാജിവെച്ചത്. മുദിഗരൈയിലെ എംഎല്‍എയായ എം പി കുമാരസ്വാമിയും ഹവേരി എംഎല്‍എയായ നെഹ്റു ഒലേക്കറുമാണ് ഇന്ന് രാജിവെച്ചത്. സിറ്റിങ് എംഎല്‍എമാരില്‍ ഒഴിവാക്കപ്പെട്ട 27 പേരില്‍ ഉള്‍പ്പെട്ടതാണ് രാജിവെച്ച രണ്ടുപേരും. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് രാജിവെച്ചവര്‍ ഉന്നയിക്കുന്നത്.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവിയ്‌ക്കെതിരെ ആരോപണമുന്നയിച്ചാണ് എം പി കുമാരസ്വാമിയുടെ രാജി. രവിയുമായുള്ള വ്യക്തിപരമായ പ്രശ്നങ്ങളാണ് തനിക്ക് ടിക്കറ്റ് നിഷേധിയ്ക്കാന്‍ കാരണമെന്ന് കുമാരസ്വാമി ആരോപിച്ചു. പ്രവര്‍ത്തകരുമായി ആലോചിച്ച ശേഷം ഭാവി തീരുമാനമെടുക്കുമെന്നും കുമാരസ്വാമി പറഞ്ഞു. മുന്‍ ഉപമുഖ്യമന്ത്രി ലക്ഷമണ്‍ സവദിയുടെ രാജിയിലും പ്രതിഷേധം ശക്തമാകുകയാണ്. സവദിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബെലഗാവിയില്‍ അയ്യായിരത്തോളം പ്രവര്‍ത്തകര്‍ രാജിവെച്ചു.