കൊല്ലം : ക്ഷേത്ര ഭരണസമിതിയുടെ അഴിമതി ചോദ്യം ചെയ്ത ഹിന്ദു ഐക്യവേദി പ്രവര്‍ത്തകന്റെ ഭാര്യയെ ബി ജെ പി നേതാവ് മര്‍ദ്ദിച്ചതായി പരാതി. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേ സമയം വനിതാകമ്മീഷന്‍ അക്രമികള്‍ക്കെതിരെ കേസെടുത്തു.
ഹിന്ദുഐക്യവേദി പെരിനാട് പഞ്ചായത്ത് കമ്മറ്റി ജോയിന്റ് സെക്രട്ടറി ബിജി കുമാറിന്റെ ഭാര്യ കവിത(33)ക്കാണ് പരിക്കേറ്റത്. ഇവര്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി കുണ്ടറ നിയോജകമണ്ഡലം പ്രസിഡന്റ് ഇടവട്ടം വിനോദ്, പ്രവര്‍ത്തകരായ ആദര്‍ശ്, ലിജി വി പിള്ള, അഭിലാഷ്, ശ്യാംരാജ് എന്നിവര്‍ക്കെതിരെ കുണ്ടറ പോലീസില്‍ പരാതി നല്‍കി.
ഇടവട്ടം സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തില്‍ വിനോദിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അഴിമതി നടത്തിയതിനെത്തുടര്‍ന്ന് ഭരണസമിതി പിരിച്ചുവിടുകയും റീസിവറിന്റെ നിയന്ത്രണത്തില്‍ അഡ്ഹോക്ക് കമ്മറ്റിയെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് അഡ്ഹോക്ക് കമ്മറ്റി അംഗമായ ബിജികുമാറിനെ വിനോദിന്റെ നേതൃത്വത്തിലേക്കുള്ള സംഘം നിരന്തരം ഭീഷണിപ്പെടുത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മരണാനന്തര കര്‍മ്മത്തില്‍ പങ്കെടുത്തശേഷം മാതാപിതാക്കളോടൊപ്പം വരികയായിരുന്ന കവിതയെ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി.