തിരുവനന്തപുരം: കേരള സ്റ്റോറി സിനിമ സംഘപരിവാര്‍ പ്രൊപ്പഗണ്ടകളെ ഏറ്റു പിടിക്കുന്ന സിനിമയെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനെതിരെ ബിജെപി. കേരള സ്റ്റോറി എന്ന സിനിമയെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കളത്തില്‍ ഉള്‍പ്പെടുത്തി ന്യായീകരിക്കാനാവില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മതമൗലികവാദത്തേക്കാള്‍ അപകടകരമാണ് വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയുള്ള ഈ ഇരട്ടത്താപ്പെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സിപിഎമ്മിന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിലെ ഈ ഇരട്ടത്താപ്പിന് കാരണം ഭീകരവാദത്തെ തുറന്നു കാണിക്കുന്നതൊന്നും കേരളത്തില്‍ വേണ്ടെന്ന നിലപാടാണെന്ന് വ്യക്തമാണ്.
അതേസമയം തെരഞ്ഞെടപ്പില്‍ നേട്ടമുണ്ടാക്കാനുള്ള സംഘപരിവാര്‍ ശ്രമത്തിന്റെ പശ്ചാത്തലത്തില്‍ സിനിമയെ കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ലവ് ജിഹാദ് ആരോപണങ്ങളെ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമായി. സംഘത്തിന്റെ നുണ ഫാക്ടറിയുടെ ഉല്‍പന്നമാണ് വ്യാജ കഥ. ഇത്തരക്കാരെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കള്ളിയില്‍പെടുത്തി ന്യായീകരിക്കുന്നത് ശരിയല്ല. സമൂഹവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.