കോലാര്‍: എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ‘വിഷപ്പാമ്പ്’ പരാമര്‍ശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി വിഷപ്പാമ്പിനെപ്പോലെയാണെന്നായിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം. എന്നാല്‍ താന്‍ പാമ്പിനെപ്പോലെ തന്നെയാണെന്ന് കര്‍ണാടകയിലെ കോലാറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ജനങ്ങളാകുന്ന ശിവഭഗവാന്റെ കഴുത്തിലുള്ള പാമ്പാണ് താനെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ശക്തമാക്കുന്നതിനും അഴിമതി മുക്തമാക്കുന്നതിനും എന്റെ സര്‍ക്കാര്‍ കഠിനാധ്വാനം ചെയ്യുകയാണ്. എന്നാല്‍ കോണ്‍ഗ്രസിന് അത് ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് അവര്‍ എന്നെ വിഷപ്പാമ്പെന്ന് വിളിക്കുന്നു എന്നും മോദി പറഞ്ഞു.
അതേസമയം കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചതോടെ ഇരുമുന്നണികളും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ രൂക്ഷമാണ്. ഇതിനിടെയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിഷപ്പാമ്പ് പരാമര്‍ശം ബിജെപി രാഷ്ട്രീയ ആയുധമാക്കിയിരിക്കുന്നത്. എന്നാല്‍ പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി ഖാര്‍ഗെ രംഗത്തുവന്നിരുന്നു. മോദിയെ അല്ല ബിജെപിയുടെ പ്രത്യയശാസ്ത്രത്തെയാണ് വിമര്‍ശിച്ചതെന്ന് ഖര്‍ഗെ വിശദീകരിച്ചു.