തുറവൂര്‍: ഭാരവാഹി തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് അരൂരില്‍ ബി.ജെ.പിയില്‍ പൊട്ടിത്തെറി. ഭൂരിപക്ഷം പ്രവര്‍ത്തകരുടെ തീരുമാനം അട്ടിമറിച്ച് സംഘ്പരിവാര്‍ നേതൃത്വം നിയോജക മണ്ഡലം ഭാരവാഹികളെ തീരുമാനിച്ചതാണ് പ്രശ്നത്തിനു കാരണം.
കഴിഞ്ഞ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ വോട്ട് ഗണ്യമായി കുറഞ്ഞതും തെരഞ്ഞെടുപ്പിനുവേണ്ടി പിരിച്ച പണം ചിലര്‍ വീതിച്ചെടുത്തെന്ന ആരോപണവും പാര്‍ട്ടിയിലും സംഘ്പരിവാര്‍ സംഘടനയിലും വന്‍ ചര്‍ച്ചയായി. ഇപ്പോഴും ഉപതെരഞ്ഞെടുപ്പിലെ പ്രചാരണത്തിനും മറ്റും ഉപയോഗിച്ച വാഹനങ്ങളുടെയും ഹോട്ടലുകളുടെയും തുക കൊടുത്തുതീര്‍ക്കാത്തത് പാര്‍ട്ടിക്ക് നാണക്കേടായതായി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
പാര്‍ട്ടി നേതൃത്വം കൊടുത്ത പീലിങ് തൊഴിലാളി സമരം മത്സ്യസംസ്കരണ ശാല ഉടമകള്‍ക്കുവേണ്ടി അട്ടിമറിച്ചതും നാണക്കേട് ഉണ്ടാക്കി. നേതൃത്വം വന്‍തുക വാങ്ങിയാണ് ഈ സമരം അട്ടിമറിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സമരങ്ങളില്‍നിന്ന് അരൂര്‍ നിയോജക മണ്ഡലം കമ്മിറ്റി പിന്നോട്ട് പോയത് ബി.ജെ.പിയുടെ സംസ്ഥാനതലത്തില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്.
മന്ത്രി കെ.ടി. ജലീലിന് അന്വേഷണ ഏജന്‍സിയുടെ മുന്നില്‍ ഹാജരാകാന്‍ കാര്‍ വിട്ടുനല്‍കിയ അരൂരിലെ വ്യവസായിയുടെ വീട്ടിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍നിന്ന് മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നു.
തുടര്‍ന്നുള്ള സമരങ്ങളില്‍നിന്ന് യുവമോര്‍ച്ചയെ ചില നേതാക്കള്‍ ഇടപെട്ട് തടഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്ന തുറവൂര്‍ സ്വദേശിയെ സംരക്ഷിക്കാന്‍ ഒരു ആര്.എസ്.എസ് നേതാവ് നേരിട്ടിറങ്ങിയെന്ന ആരോപണവും ശക്തമാണ്. വന്‍തുക വാങ്ങി അന്വേഷണം അട്ടിമറിച്ചതായും പറയുന്നു. ബി.ജെ.പി നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ സംഘടന ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണ്.
ബി.ജെ.പിയുടെയും സംഘ്പരിവാര്‍ സംഘടനകളുടെയും ആശയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന നേതൃത്വത്തിന് എതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ആയിരത്തോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്.