ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് പരാജയത്തിലും നിലവിലെ വിവാദങ്ങളിലും ബിജെപി ദേശീയ നേതൃത്വം കെ . സുരേന്ദ്രനെ അതൃപ്തി അറിയിച്ചു. എന്നാല്‍ വിവാദങ്ങളുടെ പേരില്‍ കേരളത്തില്‍ നേതൃമാറ്റം ഉടന്‍ ഉണ്ടാവില്ല. വിവാദങ്ങള്‍ രാഷട്രീയമായും നിയമപരമായും നേരിടും. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കി. കേരള ഘടകത്തില്‍ അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെട്ട് സി.വി.ആനന്ദ ബോസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി അടക്കമുള്ളവരുടെ അതൃപ്തി നദ്ദ സുരേന്ദ്രനെ അറിയിച്ചത്. കേരളത്തിലെ സാഹചര്യങ്ങള്‍ ഈ നിലയില്‍ മുമ്പോട്ട് പോകുന്നതില്‍ കാര്യമില്ല എന്ന നിലപാടും ബിജെപി അധ്യക്ഷന്‍ അറിയിച്ചതായാണ് സൂചന. കേരളത്തിലെ സാഹചര്യങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
അതേസമയം സംസ്ഥാന സര്‍ക്കാരിനെതിരായ പോരാട്ടം ശക്തമാക്കാന്‍ ദേശീയാധ്യക്ഷന്‍ ജെ.പി. നഡ്ഡ നിര്‍ദേശം നല്‍കിയതായി കെ. സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം സംബന്ധിച്ച് നഡ്ഡയെ അറിയിച്ചതായി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പിണറായി വിജയന്‍ സര്‍ക്കാരിന്റെ വിദ്വേഷ രാഷ്ട്രീയത്തിനും കള്ളക്കേസുകള്‍ക്കും എതിരായി ശക്തമായി പ്രതികരിക്കാന്‍ നഡ്ഡ നിര്‍ദേശിച്ചതായി സുരേന്ദ്രന്‍ പറഞ്ഞു. പിണറായി വിജയന്റെ ഫാസിസ്റ്റ് നടപടികള്‍ക്കെതിരായി പോരാട്ടം നടത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടതായും സുരേന്ദ്രന്‍ വ്യക്തമാക്കി.