കൊച്ചി : സംഘികള്‍ക്കെതിരെ പ്രതികരിക്കുന്നവരെ ഒതുക്കാന്‍ ഗൂഡാലോചന മറനീക്കി പുറത്തു വരുന്നു. മീഡിയ വണ്ണിന് പുറമെ കൂടുതല്‍ മലയാളം ചാനലുകള്‍ പൂട്ടുമെന്ന് സോഷ്യല്‍ മീഡിയയില്‍ ബിജെപി നേതാവിന്റെ കുറിപ്പ്. മഹിളാ മോര്‍ച്ച കോഴിക്കോട് ജില്ലാ സെക്രട്ടറി ശ്രീജ സി നായരാണ് മൂന്നു മലയാളം ചാനലുകള്‍ കൂടി ലൈസന്‍സ് കാലാവധി കഴിഞ്ഞാല്‍ പുതുക്കി നല്‍കാത്തവരുടെ പട്ടികയില്‍ ഉണ്ടെന്ന പോസ്റ്റ് ഇട്ടത്. മൂന്നു മലയാള ചാനലുകള്‍ പൂട്ടുന്ന പട്ടികയില്‍ ഉണ്ടെന്ന വിവരം സന്തോഷത്തോടെ പങ്കുവെയ്ക്കുന്നു എന്നാണ് ശ്രീജ കുറിച്ചത്. എന്തായാലും ശ്രീജയുടെ കുറിപ്പ് ഇതിനകം വിവാദമായി കഴിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ വിനു വി ജോണ്‍ ഈ കുറിപ്പ് ട്വിറ്ററിലും പങ്കുവച്ചിട്ടുണ്ട്. മഹിളാ മോര്‍ച്ച നേതാവ് മൂന്നു മലയാളം ചാനലുകള്‍ പൂട്ടും എന്ന് പരസ്യമായി പറഞ്ഞിരിക്കുന്നു. ചാനലുകള്‍ പൂട്ടുന്നതിന്റെ പിന്നിലെ തിരക്കഥ പാര്‍ട്ടിക്കാര്‍ക്ക് വ്യക്തമായി അറിയുന്നുവെന്നാണ് വിനുവിന്റെ വിമര്‍ശനം.ജനാധിപത്യത്തിന്റെ നാലാം തൂണിനെ കേന്ദ്രം ലക്ഷ്യം വയ്ക്കുകയാണെന്നും മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇപ്പോള്‍ 142 റാങ്കിലുള്ള രാജ്യം ഇനിയും താഴെ പോകുമെന്നാണ് വിനു വി ജോണ്‍ തന്റെ കുറിപ്പില്‍ വിമര്‍ശിക്കുന്നു. നേരത്തെ എന്തു കാരണം എന്നു പോലും പറയാതെയാണ് മീഡിയവണ്ണിന്റെ സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞത്.മീഡിയവണ്ണിനോടു പോലും പൂട്ടിയതിന്റെ കാരണം പറയാത്ത കേന്ദ്രം ഇനിയും ചാനലുകള്‍ പൂട്ടുമെന്ന കാര്യം ബിജെപിക്കാര്‍ നേരത്തെ അറിയുന്നുവെന്ന ആക്ഷേപവും ഇതോടെ ശക്തിയാര്‍ജിക്കുകയാണ്.