കൊൽക്കത്ത: മണിപ്പൂരിൽ ഗോത്രവർഗ വനിതകൾക്കെതിരായ ക്രൂരതയിൽ പ്രതിരോധത്തിലായ കേന്ദ്ര സർക്കാറിന്റെ മുഖം രക്ഷിക്കാൻ മറുപ്രചാരണവുമായി ബി.ജെ.പി. മണിപ്പൂരിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെന്നും ഇതിനെതിരെ പ്രതിപക്ഷം പ്രതികരിക്കാത്തതെന്തെന്നും ചോദിച്ചാണ് മുഖം രക്ഷിക്കൽ ശ്രമം. വാദം ന്യായീകരിക്കാൻ പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു വിഡിയോ പുറത്തുവിട്ട് ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യയാണ് പ്രചാരണത്തിന് തുടക്കമിട്ടത്. ബംഗാളിലെ മാൾഡയിൽ ഒരു സംഘമാളുകൾ രണ്ടു സ്ത്രീകളെ മർദിക്കുന്ന വിഡിയോ ശനിയാഴ്ച ട്വിറ്ററിലൂടെ മാളവ്യ പുറത്തുവിട്ടു.
പശ്ചിമബംഗാളിൽ ഭയാനക സംഭവങ്ങൾ തുടരുകയാണെന്നും രണ്ടു ഗോത്രവർഗ സ്ത്രീകളെ മർദിക്കുകയും വസ്ത്രമുരിയുകയും ചെയ്തുവെന്നും പോലീസ് നോക്കിനിൽക്കെയാണ് സംഭവമെന്നും ട്വീറ്റിൽ പറയുന്നു. ഈ സംഭവം മുഖ്യമന്ത്രി മമത ബാനർജിയുടെ ഹൃദയം തകർത്തില്ലേ എന്നും ചോദിക്കുന്നുണ്ട്. എന്നാൽ, മോഷണം ആരോപിച്ച് സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നുള്ള അക്രമത്തിന്റെ വിഡിയോ പ്രചരിപ്പിച്ച് ഇതിന് രാഷ്ട്രീയനിറം നൽകി മണിപ്പൂരിലെ അപമാനത്തിൽനിന്ന് മുഖം രക്ഷിക്കാനുള്ള വൃഥാശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് ബംഗാൾ വനിത ശിശുക്ഷേമ മന്ത്രി ശശി പഞ്ച പ്രതികരിച്ചു.