ദില്ലി: പാകിസ്ഥാനെ തുറന്ന് കാട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ വിദേശ രാജ്യങ്ങളിലേക്കയക്കുന്ന സർവകക്ഷി പ്രതിനിധി സംഘത്തിലേക്ക് ശശി തരൂര്‍ എംപിയെ ശുപാര്‍ശ ചെയ്യാതിരുന്ന കോൺഗ്രസിനെ വിമർശിച്ച് ബിജെപി. രാഹുല്‍ ഗാന്ധി നല്‍കിയ പട്ടികയില്‍ മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ്മ, എംപിമാരായ ഗൗരവ് ഗോഗോയ്, നാസിര്‍ ഹുസൈന്‍, രാജ്ബ്രാര്‍ എന്നിവരെയാണ് നിര്‍ദ്ദേശിച്ചിരുന്നത്. കോണ്‍ഗ്രസ് നല്‍കിയ പട്ടികക്കെതിരെ ബിജെപി വിമര്‍ശനം കടുപ്പിക്കുകയാണ്. പാക് അനുകൂലികളെയാണ് കോണ്‍ഗ്രസ് പട്ടികയിലുള്‍പ്പെടുത്തിയതെന്നാണ് ബിജെപി വിമർശനം. പട്ടികയിലുള്ള ഗൗരവ് ഗോഗോയ്യും ഭാര്യയും പാകിസ്ഥാനില്‍ കഴിഞ്ഞിരുന്നെന്നും പാക് ഏജന്‍റുമാരാണെന്നുമുള്ള അംസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ നാളുകളായി ഉന്നയിക്കുന്ന ആക്ഷേപം ബിജെപി ഓര്‍മ്മപ്പെടുത്തി. പാകിസ്ഥാന് സിന്ദാബാദ് വിളിച്ചവരാണ് നാസിര്‍ ഹുസൈന്‍ എംപിയുടെ അനുയായികളെന്നും ബിജെപി വക്താവ് അമിത് മാളവ്യ സമൂഹമാധ്യമത്തില്‍ വിമര്‍ശിച്ചു.
അടുത്ത വെള്ളിയാഴ്ച മുതല്‍ രണ്ടാഴ്ചയോളം നീണ്ടു നില്‍ക്കുന്ന ദൗത്യത്തില്‍ 7 സംഘങ്ങളെയാണ് ഇന്ത്യ വിദേശ രാജ്യങ്ങളിലേക്കയക്കുന്നത്. യുഎസ്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ജപ്പാന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് പാകിസ്ഥാനെ തുറന്നുകാട്ടാനുള്ള ഇന്ത്യയുടെ നയ തന്ത്രപരിപാടി. 7ല്‍ മൂന്ന് സംഘങ്ങളെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളാണ് നയിക്കുന്നത്. ഓരോ പാര്‍ട്ടികളോടും പ്രതിനിധി സംഘത്തിലേക്ക് പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ ദൗത്യത്തിന്‍റെ ഏകോപന ചുമതലയുള്ള മന്ത്രി കിരണ്‍ റിജിജു ആവശ്യപ്പെട്ടിരുന്നു.
കോണ്‍ഗ്രസ് പട്ടിക നല്‍കിയത് ശശി തരൂരിനെ ഒഴിവാക്കി. ശശി തരൂര്‍ പാര്‍ട്ടി പരിഗണിച്ച വ്യക്തിയല്ലെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി നല്‍കിയ പട്ടികയിലെ വിവരങ്ങള്‍ പാര്‍ട്ടി വക്താവ് ജയറാം രമേശ് പുറത്ത് വിട്ടു. രാഹുല്‍ ഗാന്ധി നല്‍കിയ പട്ടികയില്‍ മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ്മ, എംപിമാരായ ഗൗരവ് ഗോഗോയ്, നാസിര്‍ ഹുസൈന്‍, രാജ്ബ്രാര്‍ എന്നിവരെയാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഈ പേരുകളൊന്നും കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചില്ല. പകരം ശശി തരൂരിനെ ഉള്‍പ്പെടുത്തി. യുഎസ്, യുകെ എന്നിവിടങ്ങളിലേക്കുള്ള സംഘത്തിന്‍റെ തലവനായാണ് കോണ്‍ഗ്രസിന്‍റെ പ്രതിനിധിയായി തരൂരിനെ ഉള്‍പ്പെടുത്തിയത്. തനിക്ക് കിട്ടിയ ക്ഷണത്തെ അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്ന് പ്രതികരിച്ച തരൂര്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ക്ഷണിതാവായാണ് താന്‍ പങ്കെടുക്കുന്നതെന്ന പരോക്ഷ സൂചന നല്‍കി.
‘രാജ്യ താല്‍പര്യമാണ് പ്രധാനം. അഞ്ച് രാജ്യങ്ങളിലേക്കുള്ള സംഘത്തെ നയിക്കാനുള്ള ക്ഷണം വലിയ അംഗീകാരമാണ്’. തരൂര്‍ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. കഴിഞ്ഞ കുറെ നാളുകളായി തരൂരും കോണ്‍ഗ്രസുമായുള്ള ഏറ്റുമുട്ടലിന്‍റെ തുടര്‍ച്ചയാണ് പ്രതിനിധി സംഘത്തിലേക്കുള്ള പട്ടികയിലും പ്രതിഫലിച്ചിരിക്കുന്നത്. പാര്‍ട്ടി നിലപാടാണ് പൊതു സമൂഹത്തില്‍ പറയേണ്ടതെന്ന ലക്ഷ്മണ രേഖ കോണ്‍ഗ്രസ് വരച്ചെങ്കിലും വിദേശ കാര്യ വിഷയത്തിന്‍റെ ഇപ്പോള്‍ എങ്ങനെയാണോ പ്രതികരിക്കുന്നത് അങ്ങനെ തന്നെയാകും തുടര്‍ന്നെന്നും തരൂര്‍ തിരിച്ചടിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ പിന്തുണക്കുന്ന തരൂര്‍ ദൗത്യ സംഘത്തലവനായതും സ്വാഭാവികം.