ന്യുഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി നേരിട്ട വമ്പന്‍ പരാജയത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാജ്യസഭാ എം പി സുരേഷ് ഗോപിക്ക് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. സുരേഷ് ഗോപിയുടെ റിപ്പോര്‍ട്ട് നിലവിലെ അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ നിര്‍ണായകമാകുമെന്നാണ് വിവരം.
സംസ്ഥാന നേതൃത്വത്തെ കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് സുരേഷ് ഗോപി നല്‍കുന്നതെങ്കില്‍ സുരേന്ദ്രന്‍ പക്ഷം മറുപടി നല്‍കേണ്ടി വരും. കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന കാര്യങ്ങളും സുരേന്ദ്രന് വെല്ലുവിളിയാണ്. കേന്ദ്ര നിര്‍ദേശ പ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഇ ശ്രീധരന്‍, സി വി ആനന്ദ് ബോസ്, ജേക്കബ് തോമസ് അടക്കമുളളവര്‍ സംസ്ഥാന നേതൃത്വത്തെ കുറ്റപ്പെടുത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് തോല്‍വിക്കും അതിനുശേഷമുണ്ടായ വിവാദങ്ങളിലും സംസ്ഥാന നേതൃത്വം പ്രതിരോധത്തിലായിരിക്കെയാണ് കേന്ദ്ര നേതൃത്വം ശക്തമായ നടപടികളുമായി മുന്നോട്ട് നീങ്ങുന്നത്. കേരളത്തിലെ ഏക സിറ്റിംഗ് സീറ്റായ നേമം നഷ്‌ടപ്പെടുത്തിയതും ഒരു സീറ്റില്‍ പോലും ജയിക്കാനാകാതെ വന്നതും കേന്ദ്രനനേതൃത്വത്തിന് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.
സംസ്ഥാന നേതൃത്വത്തെ മാറ്റണമെന്ന ആവശ്യം പാര്‍ട്ടിക്കുളളില്‍ ഇതിനോടകം ശക്തമാണ്. ഇതിനു പിന്നാലെയാണ് സംസ്ഥാന നേതൃത്വത്തിനെതിരെയുള്ള പരാതി, തെരഞ്ഞെടുപ്പ് തോല്‍വി എന്നിവയെക്കുറിച്ച് അന്വേഷിക്കാന്‍ സുരേഷ് ഗോപിയെ കേന്ദ്രം നിയോഗിച്ചിരിക്കുന്നത്.