തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി ലഭിച്ചതോടെ പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് തർക്കം രൂക്ഷമായി. കെ. സുരേന്ദ്രനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പി.കെ. കൃഷ്ണദാസ് ശോഭാസുരേന്ദ്രൻ പക്ഷം കേന്ദ്ര നേതൃത്വത്തെ സമീപിക്കും. മുരളിധരന്റെയും സുരേന്ദ്രന്റെയും ഏകാധിപത്യ നിലപാടുകൾ കൊണ്ടാണ് പാർട്ടി പിന്നോട്ട് പോയതെന്നാണ് മറുപക്ഷത്തിന്റെ ആരോപണം. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.സുരേന്ദ്രൻ കേന്ദ്രനേതൃത്വത്തിന് നൽകിയത് ഊതിപ്പെരുപ്പിച്ച കണക്കുകളാണെന്ന് നേരത്തെ തന്നെ കൃഷ്ണദാസ് ശോഭാ സുരേന്ദ്രൻ പക്ഷം ആരോപിച്ചിരുന്നു. സുരേന്ദ്രൻ നൽകിയ കണക്കുകളുടെ നാലയലത്ത് പോലും ബിജെപി എത്തിയില്ല എന്ന്മാത്രമല്ല കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുമില്ല.
ഈ സാഹചര്യത്തിലാണ് കെ.സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തമാക്കാൻ കൃഷ്ണദാസ് ശോഭാസുരേന്ദ്രൻ പക്ഷം തീരുമാനിച്ചത്. പ്രധാന നേതാക്കളെയൊക്കെ അവഗണിച്ച് സുരേന്ദ്രനും വിമുരളിധരനും സ്വീകരിച്ച ഏകാധിപത്യ നിലപാടുകൾ മൂലമാണ് പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടതെന്നാണ് ഇവരുടെ വാദം. കോർ കമ്മിറ്റിയോ ഇലക്ഷൻ കമ്മിറ്റിയോ ചേരാതെ മാനിഫെസ്റ്റോ പോലും ഇറക്കാതെയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ശോഭാസുരേന്ദ്രനും കൂടെയുള്ള നിരവധി പ്രവർത്തകരും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും പൂർണമായി വിട്ട് നിന്നിരുന്നു.
കെ.സുരേന്ദ്രനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തെ സമീപിക്കാനാണ് മറുഭാഗത്തിന്റെ തീരുമാനം. വി മുരളീധരന്റെ തീരുമാനങ്ങൾ മാത്രം നടപ്പിലാക്കുന്ന സുരേന്ദ്രനെ മാറ്റി ഗ്രൂപ്പിനതിതമായ ഒരാളെ പ്രസിഡന്റായി കൊണ്ട് വരണമെന്നാണ് ഇവരുടെ ആവശ്യം. രണ്ട് ഗ്രൂപിന്റെയും യോഗം അടുത്ത ദിവസം ചേരാനും സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ കേന്ദനേതൃത്വവും അതൃപ്തിയിലാണെന്നാണ് സൂചന.