തിരുവനന്തപുരം : ബി.ജെ.പി കേരള ഘടകത്തിലെ സംഘടന പ്രശ്നങ്ങള്‍ അവസാനിപ്പിക്കാനായി കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടല്‍ അനിവാര്യമെന്ന് സുരേന്ദ്രന്‍ വിരുദ്ധ പക്ഷം. ഏകപക്ഷീയമായ പ്രവർത്തന രീതി അവസാനിപ്പിച്ചില്ലെങ്കില്‍ അനൂകൂല സാഹചര്യത്തില്‍ ലഭിക്കേണ്ട വളർച്ചയുണ്ടാവില്ലെന്നും കേന്ദ്ര നേതൃത്വത്തെ ഇവർ അറിയിച്ചു. കോർകമ്മറ്റി ചേരാതെ ഏകാധിപതിയെ പോലെ സംസ്ഥാന അധ്യക്ഷന്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്‍റെയും ശോഭ സുരേന്ദ്രന്‍ പക്ഷത്തിന്‍റെയും പ്രധാന പരാതി. ദേശീയ അധ്യക്ഷന് തന്നെ ഇരുപക്ഷവും പരാതി നല്‍കി കഴിഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവും പലയിടത്തും ഏകപക്ഷീയമായി മാറിയതായി സുരേന്ദ്രന്‍ വിരുദ്ധ പക്ഷം കുറ്റപ്പെടുത്തുന്നു. മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങളിലേക്ക് എന്ന രീതിയില്‍ മുന്നോട്ട് വെയ്ക്കുന്ന സ്ഥാനാർത്ഥികളെ കുറിച്ച് പോലും വേണ്ടത്ര കൂടിയാലോചനകള്‍ ഉണ്ടായിട്ടില്ല. സാധാരണ ഇത്തരം കാര്യങ്ങള്‍ കോർകമ്മറ്റിയിലും തിരഞ്ഞെടുപ്പ് കമ്മറ്റിയിലും ചര്‍ച്ച ചെയ്യാറുണ്ട്. എന്നാല്‍ ഇത്തവണ ഇത്തരം ആലോചനകള്‍ ഒരു പക്ഷത്ത് മാത്രമായി ഒതുങ്ങി. മുന്‍ സംസ്ഥാന അധ്യക്ഷന്‍മാരുമായും കൂടിയാലോചനകള്‍ വേണ്ട വിധം നടന്നില്ലെന്നുമാണ് സുരേന്ദ്രന്‍ വിരുദ്ധ വിഭാഗത്തിന്‍റെ വിമര്‍ശനം. ഈ സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം ഇടപെട്ട് കോർകമ്മറ്റി യോഗം അടിയന്തരമായി വിളിക്കണമെന്നാണ് ഇവരുടെ ആവശ്യം.