പാലക്കാട് : നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയില്‍ ബി.ജെ.പി.യുടെ കൊടി കെട്ടി. പോലീസ് എത്തി കൊടി നീക്കം ചെയ്തു. ഗാന്ധിപ്രതിമയില്‍ പതാക കണ്ടതിനെ തുടര്‍ന്ന് നഗരസഭയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. നഗരസഭാവളപ്പിലെ ഗാന്ധി പ്രതിമയുടെ പിന്നില്‍ ബി.ജെ.പി. കൊടി കെട്ടിയിട്ടതുപോലുളള ഫോട്ടോയാണ് ആദ്യം പ്രചരിച്ചത്. ഇത് ശ്രദ്ധയില്‍ പെട്ട കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിമയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തി കൊടി നീക്കം ചെയ്തു. കൊടി നീക്കം ചെയ്‌തെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരസഭാ ചെയര്‍പേഴ്‌സണിന്‍റെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടര്‍ന്നു.
ബി.ജെ.പി.പ്രവര്‍ത്തകര്‍ ഒരിക്കലും ഇപ്രകാരം ചെയ്യില്ലെന്നും മറ്റാരോ ബോധപൂര്‍വം ചെയ്തതാണെന്നും ബി.ജെ.പി. ജില്ലാ അധ്യക്ഷന്‍ ഇ.കൃഷ്ണദാസ് ആരോപിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് നടക്കുകയായിരുന്നു എല്ലാ നേതാക്കന്മാരും അതില്‍ പങ്കെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് നഗരസഭയില്‍ ജയ്ശ്രീറാം എന്നെഴുതിയ ഫ്‌ളക്‌സ് തൂക്കിയത് ഏറെ വിവാദമായിരുന്നു. ബി.ജെ.പി. നഗരസഭയില്‍ കേവല ഭൂരിപക്ഷം നേടിയതിനെ തുടര്‍ന്നായിരുന്നു നടപടി.