തിരുവനന്തപുരം: സംസ്ഥാന കമ്മിറ്റി ഓഫീസിലെ തമ്മില്‍ത്തല്ലും, പോസ്റ്റല്‍ വിവാദവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്കിടെ ബിജെപി സമ്പൂര്‍ണ കോര്‍ കമ്മിറ്റി യോഗം തിരുവനന്തപുരത്ത് ചേരുന്നു. രാജിവ് ചന്ദ്രശേഖര്‍ അധ്യക്ഷനായി ചുമതല ഏറ്റെടുത്ത ശേഷമുള്ള ആദ്യ യോഗമാണ് ചേരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പും പാര്‍ട്ടി പുനസംഘടനയും അടക്കമുള്ള വിഷയങ്ങളാണ് ചര്‍ച്ചയാവുക. സംസ്ഥാന അധ്യക്ഷപദം പിടിക്കാന്‍ കേരള ബിജെപിയിലെ കെ സുരേന്ദ്രന്‍- കൃഷ്ണദാസ്- ശോഭാ സുരേന്ദ്രന്‍ വിഭാഗങ്ങള്‍ നീക്കം ശക്തമാക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷ പദത്തില്‍ എത്തുന്നത്. കേന്ദ്രത്തിന്റെ ഈ നീക്കത്തില്‍ ഞെട്ടല്‍ മാറാതെ നില്‍ക്കുകയാണ് സംസ്ഥാന നേതൃത്വവും അണികളും.
പിന്നാലെ ബിജെപിക്ക് അകത്തെ പടല പിണക്കവും പോരും കൂടുതല്‍ ശക്തമാവുകയും ചെയ്തു. ഇതിന്റെ ഭാഗമായി പോസ്റ്റര്‍ യുദ്ധവും രാജിവ് ചന്ദ്രശേഖര്‍ സംസ്ഥാന കാര്യാലയത്തില്‍ ഉള്ളപ്പോള്‍ തന്നെ നേതാക്കള്‍ തമ്മില്‍ സംഘര്‍ഷം അരങ്ങേറുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ ബിജെപിയെ രാജീവ് ചന്ദ്രശേഖറിന് എങ്ങനെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയും എന്ന് ആശങ്കയിലാണ് അണികള്‍. ഇതിനിടെയാണ് ആദ്യ കോര്‍ കമ്മിറ്റി യോഗം നടക്കുന്നത്.