കൊച്ചി : കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ മൂന്നരക്കോടി ആലപ്പുഴ സ്വദേശി കര്‍ത്തയ്ക്ക് കൈമാറാനാണെന്ന് പോലീസ് കണ്ടെത്തി. ആലപ്പുഴയിലെ ബിജെപി ജില്ലാ ട്രഷററാണ് കെജി കര്‍ത്ത. ഇദ്ദേഹത്തിനുവേണ്ടിയാണ് പണം കൊണ്ടുവന്നതെന്നാണ് സൂചന. ഇടപാടിന് ഇടനിലനിന്ന ധര്‍മ്മരാജന്‍, സുനില്‍ നായിക് എന്നിവരില്‍ നിന്നാണ് പോലീസിന് ഈ മൊഴി കിട്ടിയത്. കര്‍ത്ത ആര്‍ക്കാണ് ഈ പണം കൈമാറുന്നതെന്ന് അറിയില്ലെന്നും ഇവര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.
ഇയാളെ ചോദ്യം ചെയ്യാന്‍ പോലീസ് ഉടനെ നോട്ടീസ് നല്‍കും. ധര്‍മ്മരാജന്റേയും സുനില്‍ നായികിന്റേയും മൊഴി പോലീസ് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല. പാര്‍ട്ടി ഭാരവാഹിയുടെ പേര് ഇവര്‍ പറഞ്ഞത് മറ്റാരെയോ രക്ഷിക്കാനാണെന്ന സംശയം പോലീസിനുണ്ട്. അതുകൊണ്ട് തന്നെ കെ.ജി കര്‍ത്തയെ ചോദ്യം ചെയ്യുന്നത് നിര്‍ണ്ണായകമാകും.
മൂന്നരക്കോടി കുഴല്‍പ്പണം വന്നത് കര്‍ണാടകയില്‍ നിന്നാണെന്നും ബിജെപിയുമായി ബന്ധമുള്ള കേന്ദ്രങ്ങളില്‍ നിന്നു തന്നെയാണ് പണം വന്നതെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം കൊടകര കുഴല്‍പ്പണ കവര്‍ച്ചാകേസില്‍ അന്വേഷണ സംഘത്തിന് മുമ്പാകെ ബിജെപി സംസ്ഥാന നേതാക്കള്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇന്ന് ഹാജരാകാന്‍ അന്വേഷണ സംഘം നിര്‍ദ്ദേശം നല്‍കിയിരുന്നു.
ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി ഗണേശന്‍, സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവരോടാണ് തൃശ്ശൂരില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഫോണിലൂടെയാണ് അന്വേഷണ സംഘം ഇരുവര്‍ക്കും നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ അസൗകര്യങ്ങള്‍ മൂലം ചോദ്യം ചെയ്യലിന് ഹാജരാകാനാവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഗണേശനും ഗിരീഷും അറിയിച്ചതായാണ് വിവരം. ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്ന ഗണേശ് ആര്‍എസ്‌എസ് പ്രചാരകനും കൂടിയാണ്.
കൊടകരയില്‍ വെച്ചു കവര്‍ച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ എവിടെനിന്ന് ആര്‍ക്ക് കൊണ്ടുപോവുകയാണെന്ന് അറിയുന്നതിനാണ് പോലീസ് ബിജെപി നേതാക്കളെ ചോദ്യം ചെയ്യുന്നത്. പണം വന്ന വിവരം അറിയില്ലെന്നും കവര്‍ച്ച കേസിലെ പ്രതികളെ അറിയില്ലെന്നുമാണ് ബിജെപി ജില്ലാ നേതാക്കളുടെ മൊഴി. ഇത് പോലീസ് വിശ്വസിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് സൂചന. ബിജെപിയിലേക്ക് അന്വേഷണം ചുരുക്കാനാണ് ശ്രമമെന്ന ആരോപണം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉന്നയിച്ചിട്ടുണ്ട്.
തൃശൂര്‍ ജില്ല ജനറല്‍ സെക്രട്ടറി കെ. ആര്‍ ഹരി, ട്രഷറര്‍ സുജയ് സേനന്‍, ബിജെപി മേഖലാ സെക്രട്ടറി കാശിനാഥന്‍ എന്നിവര്‍ക്ക് പിന്നാലെയാണ് സംസ്ഥാന നേതാക്കളെ അന്വേഷണസംഘം ചോദ്യം ചെയ്യാനൊരുങ്ങുന്നത്. കാറില്‍ കൊണ്ടുവന്ന മൂന്നരകോടി അനധികൃത പണമാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഈ പണം കൊണ്ടുവന്നത് ആര്‍ക്കാണെന്ന് സ്ഥിരീകരിക്കുകയാണ് ലക്ഷ്യം. 3 ജില്ലാ നേതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന നേതാക്കളിലേക്ക് കൂടി അന്വേഷണം എത്തിയിരിക്കുന്നത്. ആവശ്യമെങ്കില്‍ സുരേന്ദ്രനേയും ചോദ്യം ചെയ്യും.
തെരഞ്ഞെടുപ്പ് ഫണ്ട് വന്ന വിവരം അറിയില്ലെന്നും കവര്‍ച്ച കേസിലെ പ്രതികളെ അറിയില്ലെന്നുമാണ് ജില്ലാ നേതാക്കളുടെ മൊഴി. പണം തൃശൂര്‍ വഴി കൊണ്ടു പോകുന്ന കാര്യം പോലും അറിയില്ലായിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു. കാറിലുണ്ടായിരുന്നത് മൂന്നരക്കോടി തന്നെയെന്ന് യുവമോര്‍ച്ച നേതാവ് സുനില്‍ നായിക്കും ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ധര്‍മ്മരാജനും നേരത്തെ മൊഴി നല്‍കിയിരുന്നു.
വാഹനാപകടമുണ്ടാക്കി കാറില്‍ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ധര്‍മ്മരാജിന്റെ ഡ്രൈവര്‍ ഷംജീര്‍ നല്‍കിയ പരാതി. പരാതിയില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ പണം കണ്ടെത്തിയതോടെ കള്ളപ്പണമാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. പണം കൊടുത്തുവിട്ട ആളെ കുറിച്ച് അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.