ദില്ലി : കേന്ദ്ര മന്ത്രിസഭയിലും സംഘടനാ തലത്തിലും മാറ്റങ്ങൾക്ക് സാധ്യതയെന്ന റിപ്പോർട്ടുകൾക്കിടെ ചേരുന്ന ബിജെപി ജനറൽ സെക്രട്ടറിമാരുടെ യോഗം ഇന്നും തുടരും. തിരുത്തൽ നടപടികൾ വേണം എന്ന നിർദ്ദേശം ആർഎസ്എസ് സർക്കാരിനു നൽകിയ പശ്ചാത്തലത്തിലാണ് മാറ്റങ്ങൾക്ക് സാധ്യതയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.
ഇന്നലെ തുടങ്ങിയ യോഗത്തിൽ കൊവിഡ് രണ്ടാം തരംഗം മുൻകൂട്ടി കാണുന്നതിലുണ്ടായ വീഴ്ച, ബിജെപിക്കും സർക്കാരിനും എതിരെ മധ്യവർഗ്ഗത്തിൽ കാണുന്ന രോഷം, പശ്ചിമ ബംഗാളിലേറ്റ കനത്ത തിരിച്ചടി എന്നിവയടക്കം ചർച്ചയാകുന്നുവെന്നാണ് വ്യക്തമാകുന്നത്. ബിജെപി നേതൃയോഗം തുടരുമ്പോൾ പാർട്ടിക്കു മുന്നിൽ വെല്ലുവിളികൾ ഏറെയാണ്.
കൊവിഡ് രണ്ടാം തരംഗം കുറയുന്നെങ്കിലും പ്രധാനമന്ത്രിയും അമിത്ഷായും ചേർന്നുള്ള നേതൃത്വത്തിന്റെ വിശ്വാസ്യതയ്ക്ക് രാജ്യ തലസ്ഥാനത്തെയടക്കമുള്ള കൊവിഡ് കാഴ്ചകൾ ക്ഷതം ഏല്പിച്ചു. ജനരോഷം എങ്ങനെ തണുപ്പിക്കാം എന്നതാണ് പാർട്ടി പ്രധാനമായും ആലോചിക്കുന്നത്. ജനങ്ങളിലേക്ക് ഇറങ്ങാനുള്ള വഴികൾ തീരുമാനിക്കും. മന്ത്രിസഭയിലെ മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിട്ട് ഏറെ നാളായെങ്കിലും പുനസംഘടന നീണ്ടു പോകുകയാണ്. പാർട്ടിയിൽ നിന്ന് ചിലരെ മന്ത്രിസഭയിലേക്ക് കൊണ്ടു വരുമെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങൾക്ക് മുൻഗണന നൽകും. ഇതുവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിൽ ജ്യോതിരാദിത്യ സിന്ധ്യക്കുൾപ്പടെ അതൃപ്തിയുണ്ടെന്നാണ് വ്യക്തമാകുന്നത്. കൂട്ടായ പ്രവർത്തനം ഉറപ്പാക്കണം എന്ന നിലപാട് ആർഎസ്എസും പ്രകടിപ്പിച്ചു കഴിഞ്ഞതോടെ ചർച്ചകൾ ശക്തമാകുകയാണ്. കർഷകസമരം തീർക്കാനാവാത്തതിലും സംഘപരിവാർ സംഘടനകൾക്ക് അമർഷമുണ്ട്.
ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ട്, മണിപ്പൂർ, ഗോവ എന്നീ അഞ്ചു സംസ്ഥാനങ്ങളിലേക്കാണ് അടുത്ത വർഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കേണ്ടത്. അടുത്തവർഷം അവസാനം ഗുജറാത്തും ഹിമാചൽപ്രദേശും തെരഞ്ഞെടുപ്പിലേക്ക് പോകും. പഞ്ചാബ് ഒഴികെ എല്ലായിടത്തും ഭരണം ഇപ്പോൾ ബിജെപിക്കാണ്. കേരളത്തിലെ ഉൾപ്പടെ തെരഞ്ഞടുപ്പ് ഫലത്തെക്കുറിച്ചും യോഗം വിലയിരുത്തുന്നുണ്ട്. മന്ത്രിസഭ പുനസംഘടന അടുത്ത മാസം വളിച്ചു ചേർക്കാൻ ആലോചിക്കുന്ന പാർലമെന്റ് സമ്മേളനത്തിനു മുമ്പ് ഉണ്ടാകാനാണ് സാധ്യത.