മുംബൈ: പ്രമുഖ നേതാക്കളുടെ കൂടുമാറ്റത്തിനു പിന്നാലെ അജിത് പവാര്‍ എന്‍.സി.പിക്കു മുന്നില്‍ പുതിയ വെല്ലുവിളി. മഹാരാഷ്ട്രയിലെ മഹായുതി സഖ്യം വിടാന്‍ ബി.ജെ.പി അജിത് പവാറിനു സൂചന നല്‍കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. എന്‍.സി.പിയുമായി സഖ്യം ചേര്‍ന്നതിനെ വിമര്‍ശിച്ച് ആര്‍.എസ്.എസ് മറാഠി വാരികയായ ‘വിവേകി’ല്‍ ലേഖനം പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണു പുതിയ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്നണിയില്‍നിന്നു പുറത്തുപോകേണ്ടിവന്നാല്‍ അജിത് പവാറിന്റെ രാഷ്ട്രീയ ഭാവിയില്‍ തന്നെ ഇരുളടയുമെന്നുറപ്പാണ്. 2023ല്‍ അജിത് പവാറിനെയും ഒരുവിഭാഗം എന്‍.സി.പി എം.എല്‍.എമാരെയും അടര്‍ത്തിയെടുത്ത് തങ്ങള്‍ക്കൊപ്പം ചേര്‍ത്ത ബി.ജെ.പി ഓപറേഷനെ വിവേകിലെ ലേഖനം വിമര്‍ശിക്കുന്നുണ്ട്. ഈ നീക്കത്തിനുശേഷം സംസ്ഥാനത്തെ പൊതുവികാരം പാര്‍ട്ടിക്കെതിരെ തിരിഞ്ഞു. ഇതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹായുതി സഖ്യത്തിന്റെ നിരാശാജനകമായ പ്രകടനത്തിലേക്കു നയിച്ചതെന്നുമാണ് ലേഖനത്തില്‍ വാദിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് എന്തു വില കൊടുത്തും ജയിക്കണമെന്നുറപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ബി.ജെ.പി നടത്തുന്നത്. എന്നാല്‍, അജിത് പവാറുമായുള്ള ബന്ധം മുന്നണിയുടെ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിക്കുമെന്ന പൊതുവികാരം പാര്‍ട്ടിക്കകത്തുണ്ട്. അജിത് പവാര്‍ സഖ്യത്തില്‍ തുടര്‍ന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നിയമസഭയിലും ആവര്‍ത്തിച്ചേക്കുമെന്ന ഭീതി മഹായുതി സഖ്യത്തിലുണ്ടെന്ന് എന്‍.സി.പി ശരദ് പവാര്‍ പക്ഷം വക്താവ് ക്ലൈഡ് ക്രാസ്റ്റോ വാദിച്ചു. അജിത് പവാര്‍ എന്‍.സി.പിക്കും ബി.ജെ.പിക്കും ഇടയില്‍ വിള്ളലുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍.എസ്.എസ് വാരികയില്‍ ഇന്ന് ലേഖനം പ്രസിദ്ധീകരിച്ചതെന്നും നേതാക്കള്‍ കരുതുന്നുണ്ട്. ഒരു നിലയ്ക്കല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സഖ്യം വിടാന്‍ പവാറിനോട് ആവശ്യപ്പെടുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് ക്ലൈഡ് ക്രാസ്റ്റോ പറയുന്നു. എത്രയും പെട്ടെന്ന് മുന്നണി വിടാന്‍ പവാറിനു നല്‍കിയ പരോക്ഷ സൂചനയാണിത്. ഇതിനുമുന്‍പും സമാനമായ ഉള്ളടക്കത്തോടെ എന്‍.സി.പി ബന്ധത്തെ വിമര്‍ശിച്ച് വിവേകില്‍ ലേഖനം വന്നിരുന്നു.