ന്യൂഡല്‍ഹി: ബിജെപിക്കും രാഷ്ട്രീയ സ്വയംസേവക് സംഘിനുമെല്ലാം ഹിന്ദുമതവുമായി യാതൊരു ബന്ധവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താന്‍ ഗീത, ഉപനിഷത്തുകള്‍ തുടങ്ങി നിരവധി ഹിന്ദു പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടെന്നും അതിലൊന്നും പറയുന്നതല്ല ബിജെപി ചെയ്യുന്നതെന്നും ഫ്രാന്‍സിലെ പാരീസ് Sciences PO Universityയിൽ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ രാഹുല്‍ പറഞ്ഞു. രാഹുൽ സംസാരിക്കുന്നതിൻ്റെ വീഡിയോ കോൺഗ്രസ് അവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പങ്കുവെച്ചു.
ഹിന്ദുത്വവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് ബിജെപി ചെയ്യുന്നത്. നിങ്ങളേക്കാള്‍ ദുര്‍ബലരായ ആളുകളെ ഭയപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യണമെന്ന് ഞാന്‍ ഒരു ഹിന്ദു പുസ്തകത്തിലും എവിടെയും വായിച്ചിട്ടില്ല, അല്ലെങ്കില്‍ ഏതെങ്കിലും പണ്ഡിതനായ ഹിന്ദുവില്‍ നിന്ന് കേട്ടിട്ടില്ല. ഹിന്ദു ദേശീയവാദി എന്നത് തെറ്റായ വാക്കാണ്. അവര്‍ ഹിന്ദു ദേശീയവാദികള്‍ അല്ല. അവര്‍ക്ക് ഹിന്ദു മതവുമായി യാതൊരു ബന്ധവുമില്ല. അധികാരം പിടിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഹിന്ദുവുമായി ബന്ധപ്പെട്ട ഒന്നും ബിജെപി ചെയ്യുന്നില്ല, രാഹുല്‍ പറഞ്ഞു. ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.