കോന്നി : ഇളകൊള്ളൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി ജെ പി മണ്ഡലം പ്രസിഡന്റ് അജിത് മാളിയേക്കലിനെതിരെ ഗുരുതരമായ അഴിമതി ആരോപണവുമായി ബി.ജെ.പി ഗ്രാമ പഞ്ചായത്ത് അംഗം വി ശങ്കർ. ഫെയ്സ് ലൈവിലൂടെയാണ് ഇദ്ദേഹം ആരോപണം ഉന്നയിച്ചിരിക്കുന്നത്. ബി.ജെ.പി സ്ഥാനാർഥി മത്സരിച്ച വാർഡിൽ മണ്ഡലം പ്രസിഡന്റ് ആയ അജിത് മാളിയേക്കൽ സാമ്പത്തിക അഴിമതി നടത്തിയതായാണ് ഇദ്ദേഹം ആരോപിക്കുന്നത്. ഇതിനെതിരെ അജിത് മാളിയേക്കൽ കോന്നി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ബി.ജെ.പി ജില്ലാ സെക്രട്ടറി മത്സരിച്ച ഇളകൊള്ളൂർ ഉപതെരഞ്ഞെടുപ്പിൽ സൗണ്ട് സിസ്റ്റത്തിന്റെയും ഫ്ലെക്സ് പട്ടിക നിർമ്മിച്ച ഇനത്തിലും പണം നൽകിയിട്ടില്ല. ഗ്രാമ പഞ്ചായത്ത് അംഗമായ തന്നെക്കൊണ്ടാണ് ഇത് ബുക്ക് ചെയ്യിച്ചതെന്ന് വി ശങ്കർ പറയുന്നു.
പണം നല്‍കാത്തത് ചോദ്യം ചെയ്തതിന് ബി ജെ പി നേതൃത്വം തനിക്കെതിരെ പരാതി നൽകിയതായും പോസ്റ്റിൽ പറയുന്നു. ജോലി ഏറ്റെടുത്തവര്‍ക്ക് പണം നൽകാത്തതിനാല്‍ അവര്‍ മണ്ഡലം പ്രസിഡന്റിന്റെയും ജില്ലാ പ്രസിഡന്റിന്റെയും വീട്ടിൽ കുത്തിയിരിപ്പ് സമരത്തിന് ഒരുങ്ങുകയാണെന്നും വി ശങ്കർ പോസ്റ്റില്‍ പറയുന്നു. അനിൽ ആന്റണി കോന്നിയിൽ മത്സരിച്ചപ്പോൾ കോന്നി മണ്ഡലം കമ്മറ്റി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് അലങ്കരിച്ച വകയിൽ അറുപതിനായിരം രൂപ കൊടുക്കാൻ ഉണ്ടെന്നും ഈ ഫണ്ട് മുക്കിയത് പ്രസിഡന്റ് ആണോ എന്നും ചോദിച്ചാണ് ഫേസ്ബുക്ക് കുറിപ്പ് ഇറക്കിയിരിക്കുന്നത്.