പത്തനംതിട്ട : നൂറ്റാണ്ടുകളായി രാജ്യത്ത് നിലനില്ക്കുന്ന മതേരത്വത്തിന്റെമേൽ കത്തി വെച്ച് വർഗീയ വിഷം പരത്തുന്ന നടപടിയാണ് ബി.ജെ പി നടത്തുന്നതെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യൻ പറഞ്ഞു. കേരളത്തെ മിനി പാക്കിസ്ഥാൻ എന്ന് വിളിച്ച് അധിക്ഷേപിച്ച മഹാരാഷ്ട തുറമുഖ, ഫിഷറീസ് വകുപ്പ് മന്ത്രി നിതേഷ് റാണെയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ആഹ്വാനം അനുസരിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്‌റ്റേഷനു മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയും യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി യുടെ വർഗീയതക്ക് വെള്ളവും വളവും നല്കി പോഷിപ്പിക്കുന്ന നടപടിയാണ് സി.പി.എം നേതാക്കളുടെ പ്രസ്താവനകളിലൂടെ പുറത്തു വരുന്നതെന്ന് കുര്യൻ പറഞ്ഞു.
ഇന്ത്യയുടെ മതേതര പാരമ്പര്യത്തെ തകർക്കുവാൻ ആര് ശ്രമിച്ചാലും കോൺഗ്രസ് അതിനെ ശക്തമായി പ്രതിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കൺവീനർ എ ഷംസുദ്ദീൻ, കെ.പി.സി സി നിർവാഹക സമിതി അംഗം ജേർജ്ജ് മമ്മൻ കൊണ്ടാർ, സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ്കുമാർ, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, ജി. രഘുനാഥ്, എലിസബത്ത് അബു, സജി കൊട്ടക്കാട്, കാട്ടൂർ അബ്ദുൾ സലാം, കെ. ജാസിംകുട്ടി, സുനിൽ എസ്. ലാൽ, എസ്.വി പ്രസന്നകുമാർ, റോജി പോൾ ഡാനിയേൽ, ഉണ്ണികൃഷ്ണൻ നായർ, ബിനു ചാക്കാലയിൽ, ബ്ലോക്ക് പ്രസിഡന്റുമാരായ ജെറി മാത്യു സാം, ആർ. ദേവകുമാർ, സഖറിയാ വർഗീസ്, മണ്ഡലം പ്രസിഡന്റ് റെനീസ് മുഹമ്മദ്, പോഷക സംഘടനകളുടെ ജില്ലാ പ്രസിഡന്റുമാരായ രജനി പ്രദീപ്, വിജയ് ഇന്ദുചൂഡൻ, നഹാസ് പത്തനംതിട്ട, എസ്. അഫ്സൽ, ബാബു മാമ്പറ്റ, സിബി മൈലപ്ര എന്നിവർ പ്രസംഗിച്ചു.