തിരുവനന്തപുരം: ബിജെപിയിലെ പുകച്ചില്‍ തീരുന്നില്ല ശോഭ സുരേന്ദ്രനും എം.എസ്.കെയും ഇടഞ്ഞു തന്നെ. ഭാരവാഹി നിര്‍ണയത്തിലെ അവഗണനയില്‍ പ്രതിഷേധിച്ച് ഇരുവരും ഭാരവാഹി യോഗത്തില്‍ പങ്കെടുത്തില്ല. പി.കെ. കൃഷ്ണദാസ് പക്ഷം യോഗത്തില്‍ പ്രതിഷേധം അറിയിച്ചു. ജനറല്‍ സെക്രട്ടറിയില്‍ നിന്ന് വൈസ് പ്രസിഡന്റാക്കിയ ശോഭ സുരേന്ദ്രന് സ്ഥാനം ഏറ്റെടുക്കാന്‍ തയാറല്ലെന്നാണ് വ്യക്തമാകുന്നത്.
യോഗത്തില്‍ പങ്കെടുത്തില്ലെന്ന് മാത്രമല്ല കാരണം നേതൃത്വത്തെ അറിയിച്ചതുമില്ല. വക്താവായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട എം.എസ്. കുമാര്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന് പ്രസിഡന്റ് കെ. സുരേന്ദ്രനെ അറിയിച്ചിരുന്നു. ശോഭ സുരേന്ദ്രന്റെ കാര്യത്തില്‍ ഔദ്യോഗിക പക്ഷവും കടുത്ത നിലപാടിലാണ്. സുരേന്ദ്രന് കീഴില്‍ പ്രവര്‍ത്തിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയ ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു. രാധാകൃഷ്ണനെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി അതൃപ്തി പരിഹരിച്ചു. എം.എസ്. കുമാറിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. മുരളീധരപക്ഷത്തെ പ്രമുഖന് കുമാറിനെ നേരില്‍കണ്ട് ചര്‍ച്ച നടത്തും.
കൃഷ്ണദാസ് പക്ഷത്തിന്റെ അതൃപ്തി അവസാനിച്ചിട്ടില്ലെന്നാണ് പ്രതിഷേധം വ്യക്തമാക്കുന്നത്. മുമ്പുണ്ടാക്കിയ ധാരണകള്‍ ലംഘിച്ചെന്നും മുരളീധരവിഭാഗത്തിന് പ്രതീക്ഷിച്ചതിനേക്കാള്‍ പരിഗണന കിട്ടിയെന്നും എം.ടി. രമേശ് തുറന്നടിച്ചു. മണ്ഡലം, ജില്ല, മേഖല ഭാരവാഹി നിര്‍ണയത്തില്‍ ഒരു വിഭാഗത്തിന് കൂടുതല്‍ പരിഗണന നല്കി. എല്ലാം മുരളീധരന് തീരുമാനിക്കട്ടെയെന്ന് രമേശ് പറഞ്ഞെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന. 99.9 ശതമാനം ഭാരവാഹികള്‍ പങ്കെടുത്തെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് പറഞ്ഞു. ചില ഭാരവാഹികള്‍ സഹകരിക്കില്ലെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണ്. മാധ്യമങ്ങള്‍ ബി.ജെ.പിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.