കോന്നി : രാഷ്ട്രീയത്തിന് അതീതമായി നീതി നിഷേധിക്കുന്നവരുടെ ശബ്ദമായി ഭാരതീയ ജനതാ പാർട്ടി എന്നും ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കോന്നിയിൽ പറഞ്ഞു. സിപിഐ (എം) നേതാക്കളുടെ ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്ത മുൻ സിപിഎം ലോക്കൽ സെക്രട്ടറി ഓമനക്കുട്ടന്റെയും മൂന്നു മാസങ്ങൾക്ക് മുമ്പ് മരണപ്പെട്ട ആശ ജയകുമാറിനെയും ദുരൂഹമരണങ്ങൾ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടും കേസ് അട്ടിമറിക്കാനുള്ള സി.പി.എം ശ്രമങ്ങൾക്കെതിരെയും ബിജെപി കോന്നി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവരുടെ പാർട്ടി എന്ന് പറയുന്ന സിപിഎം ഇന്ന് പണക്കാരുടെയും കൊള്ളക്കാരുടെയും പാർട്ടിയായി അധപതിച്ചിരിക്കുന്നു. തങ്ങളെ എതിർക്കുന്നവരെ ഏതുവിധത്തിലും നശിപ്പിക്കുക എന്ന നിലപാടാണ് സിപിഎം തുടർന്നുകൊണ്ടിരിക്കുന്നത്. ഇതുതന്നെയാണ് കോന്നിയിൽ ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പിലൂടെ എംഎൽഎ ആയ ജെനീഷ് കുമാര്‍ അധികാരത്തിൽ എത്തിയ ഉടൻ കോന്നിയിലെ സാധാരണക്കാരെയും യുവാക്കളെയും മറന്നുകൊണ്ട് സ്വന്തം ഭാര്യക്ക് ജോലി ഉറപ്പുവരുത്താനാണ് ശ്രമിച്ചത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല, ഡിവൈഎഫ്ഐയുടെ എല്ലാ അഖിലേന്ത്യാ സംസ്ഥാന നേതാക്കളും ഇടതു ഭരണത്തിന്റെ തണലിൽ സ്വന്തക്കാർക്ക് ജോലി ഉറപ്പുവരുത്തുകയാണ്. കഷ്ടപ്പെട്ട് പഠിച്ച് പി എസ് സി പരീക്ഷ എഴുതി റാങ്ക് ലിസ്റ്റുകളിൽ ഇടംനേടിയ ആയിരക്കണക്കിന് യുവാക്കൾ ജോലിയില്ലാതെ തെരുവിൽ അലയുമ്പോഴാണ് പാർട്ടിക്കാർക്കും ബന്ധുക്കൾക്കും പിൻവാതിലിലൂടെ സർക്കാർ ജോലി നൽകുന്നത്. ഇത് കാണിക്കുന്നത് ഇടതുപക്ഷ സർക്കാരിന്റെ യുവജന വിരുദ്ധത ആണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.
കേന്ദ്രം നൽകുന്ന പദ്ധതികളുടെ പേരുകൾ മാറ്റി കേരളത്തിൽ നടപ്പാക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ഭവനപദ്ധതി പോലും കേന്ദ്രം അനുവദിച്ച അർബൻ പ്രധാനമന്ത്രി ഉജ്വൽ യോജന പ്രകാരമുള്ള വീടുകൾ ആണ്. എന്നാൽ മാധ്യമങ്ങളിൽ വലിയ പരസ്യം നൽകി സംസ്ഥാന സർക്കാരിന്റെ പദ്ധതിയായി ഇതിനെ അവതരിപ്പിച്ചു. ഇതുപോലെ നിരവധി കേന്ദ്ര പദ്ധതികൾ ആണ് പേരുമാറ്റി പരസ്യങ്ങളിലൂടെ സംസ്ഥാന പദ്ധതികളായി സർക്കാർ ചിത്രീകരിക്കുന്നത് .
ഓമനക്കുട്ടൻ ഉൾപ്പെടെയുള്ള സിപിഎം പ്രവർത്തകരുടെ ആത്മഹത്യയില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ബിജെപി ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഇതിൽ രാഷ്ട്രീയം അല്ല, മറിച്ച് നീതി നിഷേധിക്കപ്പെടുന്നവരുടെ നീതിക്കായുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി കോന്നി പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബാലഗോപാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി വി എ സൂരജ് മുഖ്യപ്രഭാഷണം നടത്തി. ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, കർഷക മോർച്ച സംസ്ഥാന സെക്രട്ടറി സുരേഷ് ഓടക്കൻ, ബിജെപി പത്തനംതിട്ട ജില്ല സെക്രട്ടറി വിഷ്ണു മോഹൻ, ബിജെപി കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് ജി. മനോജ്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്മാരായ കണ്ണൻ ചിറ്റൂർ, രഘുനാഥൻ നായർ, നിയോജകമണ്ഡലം സെക്രട്ടറി പ്രസന്നൻ അമ്പലപ്പാട് , ജില്ലാ കമ്മിറ്റി അംഗങ്ങളായ സുരേഷ് കാവുങ്കൽ, ആശാ ഹരികുമാർ , കെ.ആർ രാകേഷ്, കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്യാം തട്ടയിൽ , യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് തട്ടയിൽ, ബിജെപി ജില്ലാ പ്രൊഫഷണൽ സെൽ കൺവീനർ അരുൺ താന്നിക്കൽ, യുവമോർച്ച കോന്നി മണ്ഡലം പ്രസിഡന്റ് സുജീഷ് സുശീലൻ, ബിജെപി കോന്നി പഞ്ചായത്ത് ജനറൽ സെക്രട്ടറി വി. ബാലചന്ദ്രൻ , പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ് കളഭം, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് ഗോപകുമാർ, കോന്നി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജിത്ത് മുരളി എന്നിവർ പങ്കെടുത്തു.