ലഖ്നൗ: ഉത്തർപ്രദേശിൽ ഭാര്യയെയും മൂന്നു മക്കളേയും വെടിവച്ച് ബിജെപി നേതാവ്. സഹാറൻപൂരിലെ ബിജെപി നേതാവ് യോഗേഷ് രോഹില്ലയാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ മൂന്നു മക്കളും കൊല്ലപ്പെട്ടു. ഭാര്യ ഗുരുതരാവസ്ഥയിലാണ്. ഗംഗോഷ് പോലീസ് സ്റ്റേഷൻ പരിധിയിൽ സാംഗത്തേഡ ഗ്രാമത്തിൽ ശനിയാഴ്ചയാണ് നാടിനെ ഞെട്ടിച്ച സംഭവം. ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയമാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിൽ മകൾ ശ്രദ്ധ (12), ഇളയ മകൻ ദേവാൻഷ് (5) എന്നിവർ സംഭവസ്ഥലത്തു വച്ചുതന്നെ കൊല്ലപ്പെട്ടു. ഭാര്യ നേഹ (36), മറ്റൊരു മകൻ ശിവാൻഷ് (7) എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എന്നാൽ ശിവാൻഷ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. നേഹയെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റി. ബിജെപി എക്സിക്യൂട്ടീവ് അംഗമായ പ്രതിയെ സംഭവസ്ഥലത്ത് വച്ചുതന്നെ പിടികൂടിയതായി പോലീസ് പറയുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച പിസ്റ്റളും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതോടെയാണ് പോലീസ് സ്ഥലത്തെത്തിയതെന്ന് എസ്എസ്പി രോഹിത് സജ്‌വാൻ പറഞ്ഞു. വെടിവച്ചതിനു പിന്നാലെ രോഹില്ല തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.