തിരുവനന്തപുരം : കേരളത്തിനായി കേന്ദ്രസർക്കാർ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചതോടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്ന സിൽവർലൈൻ പദ്ധതിയെ പരിഹസിച്ച് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി രംഗത്ത് വന്നു. ‘ജനങ്ങളുടെ നെഞ്ചത്തടിച്ചു കയറ്റിയ കുറേ മഞ്ഞക്കല്ലുകളങ്ങ് തുലഞ്ഞു. അതു തന്നെയാണ് ഏറ്റവും വലിയൊരു ഐശ്വര്യം. അത്രേയുള്ളൂ’ – എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ബാക്കി കാര്യങ്ങള്‍ പ്രധാനമന്ത്രി സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന് കേന്ദ്രസർക്കാർ വന്ദേഭാരത് ട്രെയിൻ അനുവദിച്ചതോടെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സന്തോഷിക്കാമെന്ന് കളിയാക്കി ബിജെപി നേതാവും റെയിൽവേ പിഎസി ചെയർമാനുമായ പി.കെ.കൃഷ്ണദാസും രംഗത്തെത്തിയിരുന്നു.
ഇനിമുതൽ ഷൊർണൂരിൽനിന്ന് അപ്പവുമായി തിരുവനന്തപുരത്ത് പോയി അത് വിറ്റ് അതിവേഗം തിരിച്ചെത്താമെന്നായിരുന്നു കൃഷ്ണദാസിന്റെ പരിഹാസം കലർന്ന പരാമർശം. കേരളത്തിലെ യാത്രക്കാർക്ക് അതിവേഗം സഞ്ചരിക്കാൻ രണ്ടു ലക്ഷം കോടി രൂപയോളം മുടക്കി സിൽവർലൈൻ കൊണ്ടുവരണമെന്ന് സ്വപ്നം കണ്ട മുഖ്യമന്ത്രി പിണറായി വിജയനും ഇനി ദുഃഖിക്കേണ്ടെന്ന് കൃഷ്ണദാസ് കൂട്ടിച്ചേർത്തു. നാമമാത്രമായ തുക ചെലവഴിച്ച് വന്ദേഭാരത് എക്സ്പ്രസിലൂടെ കേരളത്തിലുള്ളവർ അതിവേഗം സഞ്ചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.